കാസർകോട് റെയിൽവേ സ്റ്റേഷൻ വളപ്പിൽ ഉടമസ്ഥനില്ലാത്ത നിലയിൽ കഞ്ചാവ് പൊതി കണ്ടെത്തി; പിടികൂടിയത് 3 കിലോയിലധികം കഞ്ചാവ്

കാസർകോട്: ഓണം ആഘോഷങ്ങളോടനുബന്ധിച്ച് ലഹരിമരുന്ന് കടത്ത് തടയാനായി നടത്തുന്ന പ്രത്യേക പരിശോധനയ്ക്കിടെ കാസർകോട് റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കഞ്ചാവ് കണ്ടെത്തി. 3.084 കിലോഗ്രാം കഞ്ചാവാണ് എക്സൈസും റെയിൽവേ സംരക്ഷണ സേനയും (RPF) ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ പിടിച്ചെടുത്തത്.

വെള്ളിയാഴ്ച കാസർകോട് റേഞ്ച് എക്സൈസും ആർ.പി.എഫും ചേർന്ന് നടത്തിയ ഓണം സ്പെഷ്യൽ ഡ്രൈവിനിടെയാണ് റെയിൽവേ സ്റ്റേഷൻ വളപ്പിൽ ഉടമസ്ഥനില്ലാത്ത നിലയിൽ കഞ്ചാവ് പൊതി കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് ഉടമയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. സംഭവത്തിൽ പൊലീസും എക്സൈസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കാസർകോട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി.കെ. അശ്വിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ അനീഷ് കുമാർ, ഉദ്യോഗസ്ഥരായ അഭിലാഷ്, മെയ് മോൾ ജോൺ, കെ. അമൽജിത്, അനൂപ് എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *