കോട്ടിക്കുളം: സ്കൂൾ വളപ്പിൽ നിന്ന് ലഭിച്ച സ്വർണാഭരണം ഉടമസ്ഥനെ കണ്ടെത്തി തിരികെ ഏൽപ്പിച്ച് മാതൃകയായ ഏഴാം ക്ലാസ് വിദ്യാർത്ഥി സിയാന് നാടിന്റെ ആദരം. കോട്ടിക്കുളം നൂറുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സംഘടിപ്പിച്ച ‘Excellence 2026’ അവാർഡ് വിതരണ ചടങ്ങിലാണ് സിയാന്റെ ഈ മാതൃകാപരമായ പ്രവർത്തനത്തിന് പ്രത്യേക സ്നേഹോപഹാരം നൽകി ആദരിച്ചത്.
സ്കൂൾ കോമ്പൗണ്ടിൽ നിന്ന് യാദൃച്ഛികമായി ലഭിച്ച വിലപിടിപ്പുള്ള സ്വർണാഭരണം സിയാൻ ഉടനടി സ്കൂൾ അധികൃതരെ വിവരമറിയിക്കുകയും ഉടമസ്ഥനെ കണ്ടെത്തി തിരികെ ഏൽപ്പിക്കുകയുമായിരുന്നു. സിയാന്റെ സത്യസന്ധതയെയും ഉത്തരവാദിത്തബോധത്തെയും ചടങ്ങിൽ സംബന്ധിച്ചവർ വാനോളം പുകഴ്ത്തി.
സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ അസീസ് ഹാജി അക്കര സിയാന് സ്നേഹോപഹാരം കൈമാറുകയും അനുമോദനങ്ങൾ അറിയിക്കുകയും ചെയ്തു. അങ്കക്കളരി റഫീഖിന്റെയും നാദിയയുടെയും മകനാണ് ഈ കൊച്ചുമിടുക്കൻ.
കുട്ടികളിൽ ഇത്തരം മൂല്യങ്ങളും സത്യസന്ധതയും വളർന്നുവരേണ്ടത് ഇന്നത്തെ സമൂഹത്തിന് വലിയൊരു സന്ദേശമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. മാതൃകാപരമായ പ്രവർത്തിയിലൂടെ വിദ്യാലയത്തിനും നാടിനും അഭിമാനമായി മാറിയ സിയാനും കുടുംബത്തിനും നൂറുൽ ഹുദാ സ്കൂൾ അധികൃതർക്കും വിവിധ മേഖലകളിൽ നിന്ന് അഭിനന്ദനങ്ങൾ പ്രവഹിക്കുകയാണ്.














Leave a Reply