‘മഴയവധി കഴിഞ്ഞ് സ്കൂളിലേക്ക്, പഠനോപകരണങ്ങൾ നഷ്ടപ്പെട്ടവരെ സഹായിക്കണം’; വിദ്യാർത്ഥികൾക്ക് കാസർകോട് കളക്ടറുടെ സന്ദേശം

കാസർകോട്: നീണ്ട മഴയവധികൾക്ക് ശേഷം തിങ്കളാഴ്ച മുതൽ സ്‌കൂളുകളിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ആവേശവും പ്രചോദനവുമായി കാസർകോട് ജില്ലാ കളക്ടറുടെ കത്ത്. കളക്ടർ അർജുൻ പാണ്ഡ്യൻ ഐ.എ.എസ് തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് വിദ്യാർത്ഥികൾക്കായി ഒരു നോട്ടുബുക്കിലെഴുതിയ രൂപത്തിലുള്ള ഈ ഹൃദ്യമായ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കത്തിന് മുകളിലായി ഒരു ‘A+’ ഉം നൽകിയിട്ടുണ്ട്.

പരസ്പരം സഹായിക്കാൻ ആഹ്വാനം

മുഴുവൻ എനർജിയോടെയും തിങ്കളാഴ്ച സ്കൂളുകളിൽ പോകാൻ തയ്യാറെടുക്കാനാണ് കളക്ടർ കുട്ടികളോട് ആവശ്യപ്പെടുന്നത്. അതിനൊപ്പം തന്നെ ഒരു വലിയ സന്ദേശവും അദ്ദേഹം നൽകുന്നുണ്ട്. കനത്ത മഴയിലും പ്രകൃതിക്ഷോഭത്തിലും പുസ്തകങ്ങളും മറ്റ് പഠനോപകരണങ്ങളും നഷ്ടപ്പെട്ട കൂട്ടുകാരെ സഹായിക്കാനും അവർക്ക് താങ്ങാകാനും എല്ലാവരും മുന്നോട്ടുവരണമെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

‘നല്ല മാർക്ക് വാങ്ങിയാൽ കൂടുതൽ അവധി’

അടുത്ത് തന്നെ ഓണപ്പരീക്ഷ വരികയാണെന്നും എല്ലാവരും നന്നായി പഠിച്ച് പരീക്ഷ എഴുതണമെന്നും കളക്ടർ പറയുന്നുണ്ട്. എന്നാൽ കത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം അവസാന വരികളിലാണ്. “നിങ്ങൾ നല്ല മാർക്ക് വാങ്ങിക്കുമ്പോഴാണ് കൂടുതൽ അവധി പരിഗണിക്കുവാൻ ഞങ്ങൾക്ക് പ്രചോദനമാകുന്നത്” എന്നാണ് കളക്ടർ കുട്ടികളോട് സ്നേഹപൂർവ്വം പറയുന്നത്.

എല്ലാ വിദ്യാർത്ഥികൾക്കും വിജയാശംസകൾ നേർന്നുകൊണ്ട്, ‘സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം ജില്ലാ കളക്ടർ’ എന്ന് പറഞ്ഞാണ് 08-08-2026 തിയ്യതിയിലുള്ള ഈ കത്ത് അവസാനിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ ഈ കത്ത് വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. കുട്ടികളുടെ മാനസികാവസ്ഥ മനസ്സിലാക്കി അവരോട് ഒരു സുഹൃത്തിനെപ്പോലെ സംവദിച്ച കളക്ടറുടെ ഈ കരുതൽ നിറഞ്ഞ സന്ദേശത്തിന് വലിയ കൈയ്യടിയാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *