കാസർകോട്: ബദിയഡുക്ക, ഉബ്രംഗള മാർപ്പിനടുക്കയിലെ ഗുളികൻ ഭണ്ഡാരം കവർച്ച ചെയ്ത കേസിലെ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി പോലീസ്. ആദൂർ പയങ്ങാടി ഹൗസിലെ എ. പി. സാബിത്ത് (33) ആണ് ബദിയഡുക്ക പോലീസിന്റെ വലയിലായത്.
ജൂലൈ 29-ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാർപ്പിനടുക്കം ഗോപാലകൃഷ്ണ ഭജനമന്ദിരത്തിന് സമീപത്തുള്ള ഗുളികൻ ഭണ്ഡാരവും അതിനുള്ളിലുണ്ടായിരുന്ന പണവുമാണ് കവർച്ച ചെയ്യപ്പെട്ടത്. ഭണ്ഡാരത്തിന് ഏകദേശം 2000 രൂപ വിലവരും. അതിനുള്ളിൽ ഉണ്ടായിരുന്ന രണ്ടായിരത്തോളം രൂപയും പ്രതി മോഷ്‌ടിച്ചെടുക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കമ്മിറ്റി ഭാരവാഹിയായ രമേശ് പത്മാർ നൽകിയ പരാതിയിലാണ് ബദിയഡുക്ക പോലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചത്. പരാതി ലഭിച്ചയുടൻ പോലീസ് തന്ത്രപരമായി നടത്തിയ അന്വേഷണത്തിനൊടുവിൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ കണ്ടെത്തുകയായിരുന്നു.
ബദിയഡുക്ക പോലീസ് ഇൻസ്പെക്ടർ ആർ. പി. അനൂപ് കൃഷ്ണ, എസ്. ഐ. കെ. അഭിജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.














Leave a Reply