സൈബർ തട്ടിപ്പുകാർക്കെതിരെ ‘ഓപ്പറേഷൻ സൈ-ഹണ്ട്’: കാസർകോട് 16 കേസുകൾ രജിസ്റ്റർ ചെയ്തു; 13 ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു

കാസർകോട്: ജില്ലയിൽ പടർന്നുപന്തലിക്കുന്ന സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് തടയിടാൻ പൊലീസിന്റെ മിന്നൽ പരിശോധന. ‘ഓപ്പറേഷൻ സൈ-ഹണ്ട്’ (Operation Cy-Hunt) എന്ന പേരിൽ ജില്ലയിലുടനീളം നടത്തിയ തിരച്ചിലിൽ 16 കേസുകൾ രജിസ്റ്റർ ചെയ്തു. പരിശോധനയിൽ തട്ടിപ്പിന് ഉപയോഗിച്ച 13 ഡിജിറ്റൽ ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലായി ഒരേസമയത്തായിരുന്നു പൊലീസിന്റെ ശക്തമായ മിന്നൽ പരിശോധന. സൈബർ തട്ടിപ്പുകൾക്കായി വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കുന്നവരെയും, കമ്മീഷൻ വ്യവസ്ഥയിൽ ബാങ്ക് അക്കൗണ്ടുകൾ (Mule Accounts) വാടകയ്ക്ക് നൽകുന്നവരെയും ലക്ഷ്യമിട്ടായിരുന്നു പ്രധാന നീക്കം. സാമ്പത്തിക തട്ടിപ്പിലൂടെ ലഭിക്കുന്ന പണം വിനിമയം ചെയ്യാനും പിൻവലിക്കാനും ഇത്തരം അക്കൗണ്ടുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കേസുകളിൽ സമഗ്രമായ അന്വേഷണം ഉറപ്പാക്കാൻ പ്രത്യേക അന്വേഷണ സംഘങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്. ഓൺലൈൻ തട്ടിപ്പുകൾ വഴി വഞ്ചിക്കപ്പെടുന്നവരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ, കുറ്റവാളികളെയും അവർക്ക് അക്കൗണ്ടുകൾ ഒത്താശ ചെയ്തുനൽകുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പൊലീസ് വ്യക്തമാക്കി.

സൈബർ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും ജില്ലയിലുടനീളം പരിശോധന ശക്തമായി തുടരുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *