ചട്ടഞ്ചാൽ MIC കോളേജിൽ ‘സക്‌സസ് & ഗ്രാറ്റിറ്റൂഡ് ഗാഥറിങ്’ സംഘടിപ്പിച്ചു

ചട്ടഞ്ചാൽ: റെക്കോർഡ് അഡ്മിഷൻ നേട്ടവും പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനവും ആഘോഷമാക്കി ചട്ടഞ്ചാൽ MIC ആർട്സ് & സയൻസ് കോളേജിൽ ‘സക്‌സസ് & ഗ്രാറ്റിറ്റൂഡ് ഗാഥറിങ്’ സംഘടിപ്പിച്ചു. കോളേജ് സെമിനാർ ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ അധ്യാപകരും മാനേജ്‌മെന്റ് പ്രതിനിധികളും പങ്കെടുത്തു.

കോളേജിന്റെ ഈ ചരിത്രപരമായ വിജയങ്ങൾക്ക് പിന്നിൽ പ്രയത്നിച്ച അധ്യാപകരുടെ വിലമതിക്കാനാവാത്ത സംഭാവനകളെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു. പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ സമർപ്പണത്തോടെ ക്യാമ്പസിലെ ഭൗതിക സാഹചര്യങ്ങൾക്ക് വലിയൊരു കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്.

തുടർച്ചയായ മികച്ച അക്കാദമിക് നേട്ടങ്ങളും പശ്ചാത്തല സൗകര്യങ്ങളുടെ വികസനവുമാണ് റെക്കോർഡ് അഡ്മിഷനിലേക്ക് കോളേജിനെ നയിച്ചതെന്ന് മാനേജ്‌മെന്റ് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ കോളേജ് മാനേജർ ഇ. അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. എം.ഐ.സി. ജനറൽ സെക്രട്ടറി ഹുസ്സൈൻ തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് ഹനീഫ് ഹുദവി അധ്യാപകരുമായി അക്കാദമിക് നിലവാരത്തെക്കുറിച്ച് സംവദിച്ചു.

സെക്രട്ടറി ടി. ഡി. കബീർ, അബ്ബാസ് കുന്നിൽ, തോമസ് സർ തുടങ്ങിയവർ സംസാരിച്ചു. കഴിഞ്ഞ വർഷങ്ങളിൽ തങ്ങളുടെ വിഷയങ്ങളിൽ നൂറുശതമാനം വിജയം കൈവരിച്ച അധ്യാപകരെ മാനേജ്‌മെന്റ് ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.

പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ശ്രീമതി ദീപ എം. കെ. സ്വാഗതവും അക്കാദമിക് കോർഡിനേറ്റർ ഫിറോസ് ഹുദവി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *