കാസർകോട്: കാസർകോട് റെയിൽവേ സ്റ്റേഷനിലെ പാഴ്സൽ സർവീസ് അവസാനിപ്പിച്ച ദക്ഷിണ റെയിൽവേയുടെ ഏകപക്ഷീയമായ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കി ഡിവൈഎഫ്ഐ. പാഴ്സൽ സർവീസ് പൂർണമായും പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് DYFI കാസർകോട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചു.
മാർച്ചും പ്രതിഷേധ സംഗമവും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ പ്രമുഖ റെയിൽവേ സ്റ്റേഷനായ കാസർകോട് നിന്ന് പാഴ്സൽ സൗകര്യം നിർത്തലാക്കിയത് ചെറുകിട വ്യാപാരികളെയും പൊതുജനങ്ങളെയും കടുത്ത ദുരിതത്തിലാക്കിയിരിക്കുകയാണ്. ജനങ്ങളുടെ കണ്ണിൽപ്പൊടിയിടുന്ന നീക്കങ്ങൾ അവസാനിപ്പിച്ച്, ജില്ലയിലെ ഏക റെയിൽവേ പാഴ്സൽ സർവീസ് പഴയപടിയാക്കി സംരക്ഷിക്കാൻ റെയിൽവേ അധികൃതർ തയ്യാറാകണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.
ബ്ലോക്ക് ട്രഷറർ പ്രവീൺ പാടി ചടങ്ങിൽ അധ്യക്ഷനായി. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം ജ്യോതി ചെന്നിക്കര, എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അനുരാജ്, അജിത് പാറക്കട്ട, പ്രശാന്ത് എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി സുഭാഷ് പാടി ചടങ്ങിൽ സ്വാഗതം പറഞ്ഞു.













Leave a Reply