സാബു എം ജേക്കബുമായി അഭിപ്രായ ഭിന്നത; അഖില്‍ മാരാര്‍ ട്വന്റി 20 വിട്ടു

കൊച്ചി: സംവിധായകനും ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർത്ഥിയുമായിരുന്ന അഖിൽ മാരാർ ട്വന്റി 20 പാർട്ടിയിൽ നിന്ന് രാജിവെച്ചു. പാർട്ടി ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബുമായി നിലനിൽക്കുന്ന കടുത്ത അഭിപ്രായ ഭിന്നതകളെ തുടർന്നാണ് രാജി. പാർട്ടി വിട്ടതിന് പിന്നാലെ സാബു എം. ജേക്കബിനെതിരെ ഗുരുതര ആരോപണങ്ങളുമായാണ് അഖിൽ മാരാർ രംഗത്തെത്തിയിരിക്കുന്നത്.

പാർട്ടിയിൽ യാതൊരുവിധ പ്രവർത്തന സ്വാതന്ത്ര്യവുമില്ലെന്നും ഇത്തരമൊരു സാഹചര്യത്തിൽ മുന്നോട്ടുപോകാൻ സാധിക്കില്ലെന്നും അഖിൽ മാരാർ വ്യക്തമാക്കുന്നു. തൃക്കാക്കര നിയമസഭാ മണ്ഡലത്തിലാണ് അഖിൽ മാരാർ മത്സരരംഗത്തുണ്ടായിരുന്നത്.

സീറ്റ് വാഗ്ദാനം ചെയ്ത് വഞ്ചിച്ചതായി ആരോപണം

യുഡിഎഫ് വാഗ്ദാനം ചെയ്ത കൊട്ടാരക്കരയിലെ സീറ്റ് നഷ്ടമായതോടെ സ്വതന്ത്രനായി മത്സരിക്കാനായിരുന്നു തന്റെ ആദ്യ തീരുമാനമെന്ന് അഖിൽ പറയുന്നു. എന്നാൽ ഈ ഘട്ടത്തിൽ സാബു എം. ജേക്കബ് തനിക്ക് പിന്തുണയുമായി എത്തുകയായിരുന്നു. ഇതിനുമുമ്പ് പണം വാഗ്ദാനം ചെയ്ത് എൻഡിഎ ഏജൻസികളും ബന്ധപ്പെട്ടിരുന്നു.

തുടർന്നാണ് ട്വന്റി 20-യിൽ ചേരുന്നത്. എന്നാൽ ഇതിനുശേഷമാണ് കോൺഗ്രസ് നേതാവായിരുന്ന ആർ. രശ്മി പാർട്ടി വിട്ട് ട്വന്റി 20-യിലേക്ക് എത്തിയത്. രശ്മി സ്വയം വന്നതാണോ അതോ വരുത്തിച്ചതാണോ എന്നതിൽ സംശയമുണ്ടെന്നും പിന്നീട് തൃപ്പൂണിത്തുറ സീറ്റ് തരാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മത്സരിച്ചത് ബൈക്ക് വിറ്റ പണം കൊണ്ട്; മറുപടി നൽകാതെ നേതൃത്വം

തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാമ്പത്തിക സ്രോതസ് കണ്ടെത്താൻ താൻ ഏറെ ആഗ്രഹിച്ച് 20 ലക്ഷം രൂപയ്ക്ക് വാങ്ങിയ ബിഎംഡബ്ല്യു ബൈക്ക് വിൽക്കേണ്ടി വന്നതായും അഖിൽ മാരാർ വെളിപ്പെടുത്തി.

തെരഞ്ഞെടുപ്പിന് ശേഷം തന്നെ കൊല്ലം ജില്ലാ പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും രണ്ടര മാസമായി പാർട്ടി നേതൃത്വത്തിൽ നിന്ന് യാതൊരുവിധ മറുപടിയും ലഭിച്ചില്ല. ജനകീയ വിഷയങ്ങളിൽ ഇടപെടാൻ ആവശ്യപ്പെടുമ്പോൾ പാർട്ടി മൗനം പാലിക്കുകയാണെന്നും അഖിൽ മാരാർ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *