തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അദ്ദേഹത്തിന്റെ മാതാവിനെയും കുറിച്ച് അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റും മുൻ ബിഗ് ബോസ് താരവുമായ ജാൻമണി ദാസിനെതിരെ നിയമനടപടിയുമായി ബിജെപി. വിഷയം ചൂണ്ടിക്കാട്ടി സംസ്ഥാന വ്യാപകമായി വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകാൻ ബിജെപി നേതൃത്വം പ്രവർത്തകർക്ക് നിർദേശം നൽകി.
സംഭവത്തിൽ ജാൻമണിക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. ഉന്നത പോലീസ് മേധാവിക്കും ഉടൻ തന്നെ ബിജെപി സംസ്ഥാന നേതൃത്വം ഔദ്യോഗികമായി പരാതി നൽകും.
ഡൽഹിയിൽ നടന്ന സിജെപി സമരത്തിന് പിന്തുണയുമായി എത്തിയപ്പോഴായിരുന്നു ജാൻമണി വിവാദ പരാമർശം നടത്തിയത്. രണ്ടുദിവസം സമരപ്പന്തലിൽ പങ്കെടുത്ത ജാൻമണി, പ്രധാനമന്ത്രിയുടെയും മാതാപിതാക്കളുടെയും വ്യക്തിജീവിതത്തെ ആക്ഷേപിക്കുന്ന രീതിയിൽ സംസാരിച്ചതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതാണ് ബിജെപിയെയും കേന്ദ്ര അനുകൂലികളെയും രോഷാകുലരാക്കിയത്.
‘തെറ്റ് പറ്റി, തമാശയായി കാണണം’: മാപ്പുപറഞ്ഞ് ജാൻമണി
അതേസമയം, വിഷയം വലിയ വിവാദമായതോടെ ഇൻസ്റ്റാഗ്രാമിലൂടെ പരസ്യമായി ക്ഷമാപണം നടത്തി ജാൻമണി രംഗത്തെത്തി. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും പ്രസ്താവന നടത്തുന്നതിന് മുൻപ് വിവരങ്ങൾ പരിശോധിക്കാത്തത് തന്റെ തെറ്റാണെന്നും ജാൻമണി പറഞ്ഞു.
“എന്റെ കയ്യിൽ നിന്നും വലിയൊരു തെറ്റ് പറ്റിയിട്ടുണ്ട്. അങ്ങനെയൊരു പ്രസ്താവന നടത്തുന്നതിന് മുന്നേ അതിന്റെ സത്യാവസ്ഥ പരിശോധിക്കേണ്ടതായിരുന്നു. എന്നോട് ക്ഷമിക്കണം, അത് ആരും ഗൗരവത്തിലെടുക്കരുത്, ഒരു തമാശയായി കണ്ടാൽ മതി” – ജാൻമണി വീഡിയോയിൽ വ്യക്തമാക്കി.
എന്നാൽ, ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിക്കും പരേതയായ മാതാവിനുമെതിരെ നടത്തിയ ആക്ഷേപം തമാശയായി തള്ളിക്കളയാനാവില്ലെന്ന നിലപാടിലാണ് ബിജെപി. വരുന്ന ദിവസങ്ങളിൽ നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് പാർട്ടി തീരുമാനം.














Leave a Reply