ന്യൂഡൽഹി: ജന്തർ മന്തറിൽ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്താ സമ്മേളനത്തിൽ പ്രദർശിപ്പിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിദ്യാർത്ഥികളെ ക്രൂരമായി ലാത്തിച്ചാർജ് ചെയ്യുന്ന ദൃശ്യങ്ങൾ പങ്കുവെച്ച അദ്ദേഹം, കേന്ദ്ര സർക്കാരിനെയും കേന്ദ്ര പൊലീസിനെയും രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്.
“എന്തുകൊണ്ടാണ് വിദ്യാർത്ഥികൾക്ക് നേരെ ഇങ്ങനെ സംഭവിക്കുന്നത്? അവർ എന്താണ് ചെയ്തത്?” എന്ന് രാഹുൽ ഗാന്ധി ചോദിച്ചു. പരീക്ഷാ ക്രമക്കേടുകൾ കാരണം രാജ്യത്തെ യുവാക്കൾ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും പലരും ആത്മഹത്യയുടെ വക്കിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം പൂർണ്ണമായും തകർന്നു. കഴിഞ്ഞ 10 വർഷത്തിനിടെ 152 ചോദ്യപേപ്പർ ചോർച്ചകളാണ് രാജ്യത്തുണ്ടായത്. ഇത് 7.5 കോടിയോളം വരുന്ന വിദ്യാർത്ഥികളുടെ ഭാവിയെയാണ് ബാധിച്ചത്. എന്നിട്ടും ഒരാളെപ്പോലും ശിക്ഷിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. കുട്ടികളുടെ ഭാവി തകർക്കുമ്പോൾ പിന്നെ യുവാക്കൾ പ്രതിഷേധിക്കാതെ വേറെന്തു ചെയ്യും?”
— രാഹുൽ ഗാന്ധി
‘1.32 ലക്ഷം കോടിയുടെ കോച്ചിംഗ് ഭാരം’
ചോദ്യപേപ്പർ ചോർച്ച ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇടത്തരക്കാരെയും നിർധന കുടുംബങ്ങളെയുമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വിദ്യാർത്ഥികളാണ് ഇതിന്റെ പ്രധാന ഇരകളെന്നും എന്നാൽ സർക്കാർ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നീറ്റ് (NEET) എൻട്രൻസ് പരീക്ഷാ തയ്യാറെടുപ്പുകൾക്കായി രാജ്യത്തെ കുട്ടികളും കുടുംബങ്ങളും ഒരു വർഷം 1.32 ലക്ഷം കോടി രൂപ ചെലവഴിക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ രാജ്യത്തിന്റെ മൊത്തം വിദ്യാഭ്യാസ ബജറ്റ് 1.4 ലക്ഷം കോടി രൂപ മാത്രമാണ്.
ഇന്ത്യയിലെ യുവാക്കൾക്ക് ഭാവിയെക്കുറിച്ച് യാതൊരു ഉറപ്പുമില്ലാത്ത സാഹചര്യമാണുള്ളതെന്നും സർക്കാർ ജോലികൾ മാത്രമാണ് അവർക്ക് മുന്നിലുള്ള ഏക ആശ്വാസമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ കേൾക്കാൻ തയ്യാറാകാതെ അവരെ കായികമായി നേരിടുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
















Leave a Reply