കോഴിക്കോട്: പയ്യാനക്കലിൽ ജിംനേഷ്യത്തിന്റെ മറവിൽ വൻ ലഹരിമരുന്ന് വേട്ട. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് വിപണിയിൽ പത്ത് ലക്ഷത്തോളം രൂപ വിലമതിക്കുന്ന 200 ഗ്രാമിലധികം എം.ഡി.എം.എയും (MDMA) കഞ്ചാവും പിടികൂടി.
ലഹരിവിരുദ്ധ ക്യാമ്പെയ്നായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി സിറ്റി പോലീസും ഡാൻസാഫും (DANSAF) സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. പയ്യാനക്കൽ ഭാഗത്ത് പ്രവർത്തിക്കുന്ന ‘ബാക്ക് ടു ഫിറ്റ്‌നസ്’ എന്ന ജിംനേഷ്യത്തിലാണ് ലഹരി വിൽപ്പന നടന്നിരുന്നത്.
പൊലീസ് നിരീക്ഷണത്തിൽ, ഒടുവിൽ പൂട്ട്
ഇവിടെ ലഹരി കച്ചവടം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുനാളുകളായി പ്രതികൾ പൊലീസിന്റെ കർശന നിരീക്ഷണത്തിലായിരുന്നു. ജിംനേഷ്യത്തിന്റെ പ്രവർത്തനങ്ങളിൽ സംശയം തോന്നി നാട്ടുകാരും പൊലീസിൽ നിരവധി പരാതികൾ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് റെയ്ഡ് നടന്നതും പ്രതികൾ പിടിയിലായതും.
അതേസമയം, ജിമ്മിൽ നടന്ന ലഹരി കച്ചവടവുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്നാണ് ജിംനേഷ്യം ഉടമയുടെ പ്രാഥമിക പ്രതികരണം.
പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും ഇവർക്ക് ലഹരിമരുന്ന് എത്തിച്ചു നൽകിയ അന്തർസംസ്ഥാന ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ഊർജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു.















Leave a Reply