കാസർകോട് മീപ്പുഗിരിയിൽ വീട്ടമ്മ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ; വിട്ടുമാറാത്ത കാലുവേദനയിൽ മനംനൊന്താണെന്ന് സംശയം

കാസർകോട്: വിട്ടുമാറാത്ത കാലുവേദനയെത്തുടർന്നുണ്ടായ മാനസിക വിഷമത്തിൽ വീട്ടമ്മ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചു. കൂഡ്‌ലു മീപ്പുഗിരി കാളിയങ്ങാട്ടെ ‘ദേവി കൃപ’യിൽ സൂര്യയുടെ ഭാര്യ ശ്യാമള (50) ആണ് ജീവനൊടുക്കിയത്. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു.

ഇന്നലെ (വ്യാഴാഴ്ച) വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് ശ്യാമളയെ കണ്ടെത്തിയത്.

ഏറെക്കാലമായി കടുത്ത കാലുവേദന അനുഭവപ്പെട്ടിരുന്ന ശ്യാമള തുടർച്ചയായി മരുന്ന് കഴിച്ചുവരികയായിരുന്നു. എന്നാൽ രോഗത്തിന് കാര്യമായ കുറവില്ലാതിരുന്നതിനാൽ ഇവർ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഇതായിരിക്കാം ജീവനൊടുക്കാൻ കാരണമായതെന്നാണ് പ്രാഥമിക സംശയം.

മൃതദേഹം നിലവിൽ കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ കാസർകോട് ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പരേതയായ ശ്യാമളയുടെ മക്കൾ സുസ്‌മിത, സുശാന്ത് എന്നിവരാണ്. സന്ദീപ്, അഭിരാമി എന്നിവർ മരുമക്കളാണ്. പുഷ്‌പരാജ്, ജനാർദ്ദനൻ, പത്മാവതി, അംബിക, സുമലത, രാഘവൻ എന്നിവർ സഹോദരങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *