കാസർകോട്: ശസ്ത്രക്രിയയ്ക്കിടയിൽ ഒമ്പതുവയസ്സുകാരൻ മരണപ്പെട്ട സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ ജനറൽ ആശുപത്രി മാർച്ചിൽ സംഘർഷം. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി.
ബേഡകം തലേക്കുണ്ടിലെ മുഹമ്മദ് ഇയാസ് (9) കഴിഞ്ഞ ദിവസം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടയിൽ മരണപ്പെട്ടിരുന്നു. ഈ സംഭവത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
കാസർകോട് പുതിയ ബസ്സ്റ്റാൻ്റ് പരിസരത്തു നിന്നാണ് മാർച്ച് ആരംഭിച്ചത്. എൽ.ഐ.സി ഓഫീസിന് സമീപം പൊലീസ് ബാരിക്കേഡ് വച്ച് മാർച്ച് തടഞ്ഞു. ഇതോടെ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുകയും, ഇതിനിടയിൽ ചില പ്രവർത്തകർ വശങ്ങളിലൂടെ മുന്നോട്ട് നീങ്ങാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടാവുകയും, തുടർന്ന് പൊലീസ് ലാത്തി വീശുകയുമായിരുന്നു.
സംഘർഷത്തിന് ശേഷം നടന്ന പ്രതിഷേധ യോഗം ഡിവൈഎഫ്ഐ സംസ്ഥാന ജോയൻ്റ് സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്‌തു. നേതാക്കളായ എം.വി. രതീഷ്, സുഭാഷ് പാടി, സാദിഖ് ചെറുഗോളി, എൻ. ഗിരീഷ് എന്നിവർ സംസാരിച്ചു.













Leave a Reply