ജീവകാരുണ്യ രംഗത്തെ പെൺകരുത്ത്; ഇർഫാന ഇഖ്ബാലിന് ഭരണഭാഷാ സമിതിയുടെ ആദരം

കാസർഗോഡ്: വരാനിരിക്കുന്ന കേരളപ്പിറവി ദിനം മഞ്ചേശ്വരം, കാസർഗോഡ് താലൂക്കുകളിൽ സമുചിതമായി ആഘോഷിക്കാൻ കാസർഗോഡ് ജില്ലാ ഭരണഭാഷാ സമിതി തീരുമാനിച്ചു. ഉപ്പള എം.ആർ കോളേജിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച നിർണായക തീരുമാനമുണ്ടായത്. ആഘോഷച്ചടങ്ങിൽ ഇരു താലൂക്കുകളിലെയും കലാ, സാഹിത്യ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരെ ആദരിക്കാനും സമിതി തീരുമാനിച്ചിട്ടുണ്ട്.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവും പെൺകരുത്തിന്റെ പ്രതീകവുമായ ഷെയ്ഖ് സാഹിദ് ഫൗണ്ടേഷൻ ചെയർപേഴ്സണും ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ഇർഫാന ഇഖ്ബാലിനെ യോഗത്തിൽ സമിതി ആദരിച്ചു. ജാതിയും മതവും നോക്കാതെ ഇർഫാന നടത്തുന്ന നിരന്തരമായ ജീവകാരുണ്യ ഇടപെടലുകളെ യോഗം പ്രത്യേകം അഭിനന്ദിച്ചു.

സമിതിയുടെ വിവിധ ആവശ്യങ്ങൾ അടങ്ങിയ നിവേദനങ്ങളുമായി സംസ്ഥാന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നേരിട്ട് കണ്ട് നിവേദനം നൽകിയ ജില്ലാ പ്രതിനിധികൾക്കും യോഗം അഭിനന്ദനങ്ങൾ നേർന്നു. കേരള സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ പോരാട്ടങ്ങൾക്ക് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച് എം.കെ അലി മാസ്റ്റർ അവതരിപ്പിച്ച പ്രമേയം യോഗം ഐകകണ്ഠ്യേന പാസ്സാക്കി സർക്കാരിലേക്ക് അയച്ചു.

പ്രസിഡണ്ട് നാസർ ചെർക്കളത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇർഫാന ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കൂക്കൾ ബാലകൃഷ്ണൻ ദൂരയാത്രക്കിടയിലും ഓൺലൈനായി ചർച്ചകൾക്ക് തുടക്കം കുറിച്ചു.

എം.ആർ.സി. റഫീഖ് മാഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സത്യൻ സി ഉപ്പള, അബ്ബാസ് ഓണന്ത, സി.എ ഖാദർ മാഷ്, ചന്ദ്രശേഖര വൈദ്യർ, റഫീഖ് മാഷ് പൈവളികെ, അബ്ദുല്ല മുട്ടം, താജുദ്ദീൻ ചേരങ്കൈ, അലി പാത്തൂർ എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എം.കെ അലി മാസ്റ്റർ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *