സ്പോർട്സ് ഡെസ്ക്: ഇതായിരുന്നു യഥാർത്ഥ പോരാട്ടം! അടിച്ചും തിരിച്ചടിച്ചും അര്‍ജന്റീനയും കേപ് വെര്‍ദെയും കളംവാണ ത്രില്ലർ മത്സരം. ഒടുവില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് അര്‍ജന്റീന കഷ്ടിച്ച് ജയിച്ചുകയറുമ്പോൾ, കന്നി ലോകകപ്പ് അവിസ്മരണീയമാക്കിയ പോരാട്ടവീര്യത്തോടെ തലയുയര്‍ത്തിയാണ് കേപ് വെര്‍ദെ മടങ്ങുന്നത്. സൂപ്പർ താരം ലയണല്‍ മെസ്സി ആദ്യ ഗോളടിച്ച് തകര്‍പ്പന്‍ പോരാട്ടത്തിന് തിരികൊളുത്തിയെങ്കിലും, കേപ് വെര്‍ദെയുടെ പോരാട്ടവീര്യം അർജന്റീനയെ ശരിക്കും വിറപ്പിച്ചു. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനില പാലിച്ചതോടെ 120 മിനിറ്റുവരെയാണ് ഈ മഹാപോരാട്ടം നീണ്ടത്.
മെസ്സി തുടങ്ങി; ഡെറോയ് മടക്കി
മത്സരത്തിന്റെ 29-ാം മിനിറ്റില്‍ കേപ് വെര്‍ദെ പ്രതിരോധനിരയുടെ മുകളിലൂടെ ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് നല്കിയ മനോഹരമായ പാസ് വരുതിയിലാക്കിയാണ് മെസ്സി അർജന്റീനയെ മുന്നിലെത്തിച്ചത്. കേപ് വെർദെ ഗോൾകീപ്പർ വൊസീന്യയെ കാഴ്ചക്കാരനാക്കി മെസ്സി തൊടുത്ത ഷോട്ട് കൃത്യമായി വലയിലെത്തി. ഈ ഗോളോടെ ലോകകപ്പ് കരിയറില്‍ മെസ്സിയുടെ ആകെ ഗോള്‍നേട്ടം 20 ആയി ഉയര്‍ന്നു.
എന്നാൽ വിട്ടുകൊടുക്കാൻ കേപ് വെർദെ തയ്യാറായിരുന്നില്ല. 59-ാം മിനിറ്റില്‍ വലതുവിങ്ങില്‍ നിന്ന് പന്തുമായി മുന്നേറിയ റയാബ് മെന്‍ഡസ് പെനാല്‍റ്റി ബോക്സിനുള്ളിലേക്ക് നൽകിയ പാസ് സ്വീകരിച്ച് താരം ഡെറോയ് ഡ്യുവേര്‍ട്ട് അർജന്റീനയുടെ വല കുലുക്കി. പോസ്റ്റിന്റെ കോണില്‍ നിന്നുള്ള ഡെറോയിയുടെ തകർപ്പൻ ഷോട്ട് പ്രതിരോധിക്കാൻ അർജന്റീനയ്ക്കായില്ല. ഇതിന് പിന്നാലെ മെസ്സിക്ക് ലഭിച്ച ഒരു ഫ്രീകിക്ക് അവസരത്തെ വൊസീന്യ തട്ടിയകറ്റുകയും ചെയ്തു.
എക്സ്ട്രാ ടൈമിലെ നാടകം!
നിശ്ചിത സമയത്ത് ഇരുടീമുകളും 1-1 സമനില പാലിച്ചതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. 92-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണറില്‍ മെസ്സിയുടെ ഔട്ട്സ്വിംഗര്‍ പാസ് ഹെഡ് ചെയ്ത് മാക് അലിസ്റ്റര്‍ ബാക്ക് പോസ്റ്റിലേക്ക് തട്ടിവിട്ടു. അവിടെ സ്വതന്ത്രനായി നിന്ന ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് പന്ത് കൃത്യമായി വലയിലെത്തിച്ച് അർജന്റീനയ്ക്ക് ലീഡ് നൽകി (2-1).
എന്നാൽ മിനിറ്റുകൾക്കകം മത്സരം വീണ്ടും ആവേശത്തിലായി. 103-ാം മിനിറ്റില്‍ സിഡ്നി ലോപസ് കബ്രാലിലൂടെ കാബോ വെര്‍ദെ വീണ്ടും അർജന്റീനയ്ക്കൊപ്പമെത്തി (2-2). കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വൊസീന്യയുടെ അവിശ്വസനീയമായ രക്ഷപ്പെടുത്തലുകളാണ് പലപ്പോഴും അവരുടെ തുണയായത്. ഒടുവിൽ മത്സരത്തിന്റെ 111-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ റൊമേറോയാണ് അര്‍ജന്റീനയുടെ വിജയഗോൾ നേടിയത്. കേപ് വെര്‍ദെ പൊരുതിത്തോറ്റ് മടങ്ങുമ്പോൾ വിറച്ചു ജയിച്ച അര്‍ജന്റീനയ്ക്ക് പ്രീ ക്വാര്‍ട്ടറില്‍ ഈജിപ്താണ് എതിരാളികള്‍.
















Leave a Reply