കോഴിക്കോട് ബൈപ്പാസിൽ ടോൾ വെട്ടിപ്പ്; നോട്ടമിട്ട് പൊലീസ്, കേസും 1000 രൂപ പിഴയും

കോഴിക്കോട്: കോഴിക്കോട് ദേശീയപാത ബൈപ്പാസിൽ ടോൾ നൽകാതെ മുങ്ങുന്ന വിരുതന്മാർക്ക് ഇനി പൊലീസിന്റെ പണി വരും. ടോൾ വെട്ടിച്ച് കടന്നുപോകുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ ട്രാഫിക് പൊലീസ് രംഗത്തിറങ്ങി. ഇത്തരത്തിൽ നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ വിവരങ്ങൾ ടോൾ പ്ലാസ അധികൃതർ പൊലീസിന് കൈമാറിത്തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ മാത്രം വൻതോതിലുള്ള ടോൾ വെട്ടിപ്പാണ് ബൈപ്പാസിൽ റിപ്പോർട്ട് ചെയ്തത്. ഇന്നലെ മാത്രം 86 വാഹനങ്ങളാണ് ടോൾ നൽകാതെ കടന്നുപോയത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണി വരെ മാത്രം 32 വാഹനങ്ങളും ഇത്തരത്തിൽ ടോൾ നൽകാതെ മുങ്ങി. ടോൾ നൽകാതെ പോകുന്ന വാഹനങ്ങളിൽ ഭൂരിഭാഗവും കാറുകളാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

തർക്കം ഒഴിവാക്കാൻ ജീവനക്കാർ പിന്മാറി, പിന്നാലെ വെട്ടിപ്പും കൂടി! ടോൾ പ്ലാസകളിൽ ജീവനക്കാരും യാത്രക്കാരും തമ്മിലുള്ള തർക്കങ്ങൾ പതിവായതോടെ, ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ ടോൾ നൽകാത്ത വാഹനങ്ങൾ തടഞ്ഞുനിർത്തുന്നത് ജീവനക്കാർ നിർത്തിവെച്ചിരുന്നു. ഇതോടെയാണ് പലരും ഇത് മുതലെടുത്ത് ടോൾ നൽകാതെ പോകാൻ തുടങ്ങിയത്. എന്നാൽ ക്യാമറ ദൃശ്യങ്ങളും വാഹന നമ്പറുകളും കൃത്യമായി ശേഖരിച്ചാണ് ഇപ്പോൾ പ്ലാസ അധികൃതർ പൊലീസിന് നൽകുന്നത്.

പോക്കറ്റ് കീറും, പിഴ 1000 രൂപ ടോൾ വെട്ടിച്ച് കടന്നുകളയാമെന്ന് ഇനി ആരും വിചാരിക്കേണ്ട. ഇങ്ങനെ പിടിക്കപ്പെടുന്ന വാഹനങ്ങൾക്ക് 1000 രൂപയാണ് ട്രാഫിക് പൊലീസ് പിഴ ഈടാക്കുന്നത്. വരും ദിവസങ്ങളിൽ പരിശോധനയും നടപടികളും കൂടുതൽ കർശനമാക്കാനാണ് പൊലീസിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *