കാസർകോട് വൻ ലഹരിവേട്ട: ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനയിൽ കാറിൽ കടത്താൻ ശ്രമിച്ച 21,873 പാൻമസാല പാക്കറ്റുകളുമായി യുവാവ് പിടിയിൽ

കാസർകോട്: പൊലീസിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി നടത്തിയ റെയ്‌ഡിൽ കാസർകോട് പട്ളയിൽ വൻ ലഹരിവേട്ട. കാറിൽ വൻതോതിൽ കടത്താൻ ശ്രമിച്ച 21,873 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പൊലീസിന്റെ പിടിയിലായി. മധൂർ പട്ള ലക്ഷംവീട് ഉന്നതിയിലെ കെ ഇബ്രാഹിം ബാത്ഷ (36) ആണ് അറസ്റ്റിലായത്.
വിദ്യാനഗർ സബ് ഇൻസ്പെക്ടർ എസ് അനൂപും സംഘവും ചൊവ്വാഴ്ച ഉച്ചയോടെ നടത്തിയ പരിശോധനയിലാണ് വൻ പാൻമസാല ശേഖരം പിടികൂടിയത്. നിരോധിത ലഹരി ഉൽപ്പന്നങ്ങൾക്ക് പുറമെ, ഇത് കടത്താൻ ഉപയോഗിച്ച കാറും ഡാഷ് ബോർഡിൽ സൂക്ഷിച്ചിരുന്ന 1,040 രൂപയും പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവം നടന്നത് ഇങ്ങനെ:
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്റ്റേഷൻ പരിധിയിൽ പൊലീസ് വാഹന പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് പട്ള സ്കൂളിന് സമീപം സംശയാസ്‌പദമായ രീതിയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. കാറിൻ്റെ ഗ്ലാസിലൂടെ നോക്കിയപ്പോൾ അകത്ത് ചില ചാക്കുകെട്ടുകൾ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു.
തുടർന്ന് പൊലീസ് ഡോഗ് സ്ക്വാഡിന്റെ സഹായം തേടുകയായിരുന്നു. പിന്നീട് ഡോഗ് സ്ക്വാഡിന്റെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ നടത്തിയ വിശദമായ പരിശോധനയിലാണ് കാറിൻ്റെ പിൻസീറ്റിൽ ഒളിപ്പിച്ച നിലയിൽ പാൻമസാല പാക്കറ്റുകൾ കണ്ടെത്തിയത്.
വിദ്യാനഗർ സബ് ഇൻസ്പെക്ടർ എസ് അനൂപിന് പുറമെ, ജൂനിയർ എസ്.ഐ ഉമേശൻ, സി.പി.ഒമാരായ രമേഷ്, നജേഷ്, ബിനു എന്നിവരും ഈ പരിശോധനാ സംഘത്തിലുണ്ടായിരുന്നു. ലഹരി മാഫിയകൾക്കെതിരെ വരും ദിവസങ്ങളിലും ‘ഓപ്പറേഷൻ തൂഫാൻ’ ഭാഗമായുള്ള പരിശോധനകൾ കർശനമാക്കാനാണ് പൊലീസിൻ്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *