കാസർകോട്: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് കാസർകോട് ജനറൽ ആശുപത്രിയിൽ മാതൃകാപരമായ ചടങ്ങ് സംഘടിപ്പിച്ചു. നിരവധി തവണ രക്തം നൽകി ജനവിഭാഗങ്ങൾക്ക് തണലായ, കാസർകോടിൻ്റെ സ്വന്തം ഹീറോകളായി മാറിയ രക്തദാതാക്കളെ ചടങ്ങിൽ വെച്ച് ആദരിച്ചു. ജനറൽ ആശുപത്രി ബ്ലഡ് ബാങ്കിൻ്റെ നേതൃത്വത്തിലായിരുന്നു ‘കാസർകോട്ടെ ഹീറോകൾക്ക് സ്നേഹാദരം’ എന്ന പേരിൽ ഈ പരിപാടി സംഘടിപ്പിച്ചത്.
ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കാസർകോട് നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മെഹറുന്നിസ ഹമീദ് പരിപാടി ഉദ്ഘാടനം ചെയ്തു. ജീവൻ രക്ഷിക്കാൻ മുന്നോട്ടുവരുന്ന രക്തദാതാക്കളുടെ സേവനം സമൂഹത്തിന് വലിയ മാതൃകയാണെന്ന് അവർ അഭിപ്രായപ്പെട്ടു.
ആർ.എം.ഒ ഡോ. സന്ധ്യ, ഡോ. സൗമ്യ, ഡോ. അരുൺ റാം, മുഹമ്മദ് സഹീദ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കുകയും രക്തദാതാക്കൾക്ക് ആശംസകൾ നേരുകയും ചെയ്തു. പതിവായി രക്തം നൽകുന്ന നിരവധി പേർ തങ്ങളുടെ അനുഭവങ്ങൾ ചടങ്ങിൽ പങ്കുവെച്ചു.













Leave a Reply