ടൂറിസ്റ്റ് ബസുകളുടെ കളർകോഡ് മാറിയേക്കും; ഫയൽ ഗതാഗത വകുപ്പിന് കൈമാറി

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളുടെ കളർകോഡ് മാറ്റുന്നതുമായി ബന്ധപ്പെട്ട സുപ്രധാന ഫയൽ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി (STA) ഗതാഗത വകുപ്പിന് കൈമാറി. നിലവിലുള്ള വെള്ള നിറം മാറ്റണമെന്ന യോഗ തീരുമാനമാണ് സർക്കാരിന്റെ പരിഗണനയ്ക്കായി സമർപ്പിച്ചത്. ഗതാഗത വകുപ്പ് നിയമ ഭേദഗതി വരുത്തിയ ശേഷമായിരിക്കും ഇതിൽ അന്തിമ തീരുമാനമെടുക്കുക.

2022-ലുണ്ടായ വടക്കാഞ്ചേരി ബസ് അപകടത്തിൽ ഒമ്പത് പേർ മരണപ്പെട്ടതിന് പിന്നാലെയാണ് ഹൈക്കോടതി ഇടപെടലിനെ തുടർന്ന് സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ള നിറം ഏർപ്പെടുത്തിയത്. എന്നാൽ, ഈ തീരുമാനത്തിനെതിരെ അന്നുതൽക്കേ ബസുടമകളുടെ ഭാഗത്തുനിന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

നിറവും റോഡ് സുരക്ഷയും: ശാസ്ത്രീയ തെളിവില്ലെന്ന് STA

വാഹനത്തിന്റെ നിറവും റോഡ് സുരക്ഷയും തമ്മിൽ ബന്ധമുണ്ടെന്നതിന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ലെന്നാണ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് നിറംമാറ്റം നടത്താമെന്ന തീരുമാനത്തിലേക്ക് അതോറിറ്റി എത്തിയത്.

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് മുൻപ് ചേർന്ന STA യോഗത്തിൽ തന്നെ കളർകോഡ് മാറ്റാൻ ധാരണയായിരുന്നുവെങ്കിലും ഫയൽ സർക്കാരിലേക്ക് സമർപ്പിച്ചിരുന്നില്ല. ഈ തീരുമാനങ്ങൾ അടങ്ങിയ ഫയലാണ് ഇപ്പോൾ ഔദ്യോഗികമായി ഗതാഗത വകുപ്പിന് കൈമാറിയത്.

അന്തിമ തീരുമാനം സർക്കാരിന്റേത്

കോടതി ഇടപെട്ട വിഷയമായതിനാൽ തന്നെ ഇതിൽ നിയമ ഭേദഗതി വരുത്തേണ്ടത് സർക്കാരിന്റെ ചുമതലയാണ്. ടൂറിസ്റ്റ് ബസുകളുടെ മനംമടുപ്പിക്കുന്ന വെള്ള നിറം മാറ്റി പഴയതുപോലെ ആകർഷകമായ ഡിസൈനുകളിലേക്ക് മടങ്ങാൻ അനുവാദം ലഭിക്കുമോ എന്ന കാര്യത്തിൽ ഗതാഗത വകുപ്പിന്റെ അന്തിമ തീരുമാനം ഉടൻ തന്നെ ഉണ്ടാകുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *