കാവിയണിഞ്ഞ് ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സുവേന്ദു അധികാരി

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സുവേന്ദു അധികാരി. ഈശ്വരനാമത്തിലാണ് സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, കേന്ദ്രമന്ത്രിമാര്‍, എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, പ്രമുഖ ബിജെപി നേതാക്കള്‍ അടക്കം നിരവധി രാഷ്ട്രീയ നേതാക്കളും വ്യവസായികളും ഉൾപ്പെടെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

സുവേന്ദു അധികാരി സത്യപ്രതിജ്ഞയോടെ ബംഗാളില്‍ ചരിത്രം കുറിക്കുകയാണ് ബിജെപി. ബംഗാളിലെ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയാണ് സുവേന്ദു അധികാരി. 293 സീറ്റില്‍ 207 സീറ്റുകളില്‍ വിജയിച്ചാണ് ബിജെപി ബംഗാളില്‍ അധികാരത്തിലെത്തുന്നത്. നിയമസഭാ കക്ഷി യോഗത്തിൽ മുൻ സംസ്ഥാന അധ്യക്ഷനായ ദിലീപ് ഘോഷ് ആണ് സുവേന്ദു അധികാരിയുടെ പേര് നിർദേശിച്ചത്. മന്ത്രിസഭാ രൂപീകരണം ഉൾപ്പെടെയുള്ള ചർച്ചകളിലേക്ക് ബിജെപി കടന്നു. രണ്ടു ഉപമുഖ്യമന്ത്രിമാർ ഉണ്ടാകും എന്നാണ് സൂചന കേന്ദ്ര നിരീക്ഷകനായ ആഭ്യന്തര മന്ത്രി അമിത് ഷാ അധികാരിയെ നിയമസഭാ കക്ഷി നേതാവായി പ്രഖ്യാപിക്കുകയായിരുന്നു.

1995 ല്‍ കോണ്‍ഗ്രസ് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടായിരുന്നു സുവേന്ദു അധികാരിയുടെ ആദ്യ വിജയം. ശേഷം തൃണമൂല്‍ കോണ്‍ഗ്രസിലെത്തിയ സുവേന്ദു 2020ലാണ് ബിജെപിയിലേക്ക് ചേക്കേറിയത്. മരുമകന്‍ അഭിഷേക് ബാനര്‍ജിയെ മമത പാര്‍ട്ടിയിലെ രണ്ടാമനാക്കിയതോടെയായിരുന്നു സുവേന്ദു തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടത്.

അഞ്ച് വര്‍ഷത്തിനുള്ളിലാണ് പശ്ചിമബംഗാളില്‍ ബിജെപിയുടെ മുഖമായി സുവേന്ദു അധികാരി മാറിയത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ മമത ബാനര്‍ജിയെ പരാജയപ്പെടുത്തിയതോടെ സുവേന്ദു അധികാരിയുടെ രാഷ്ട്രീയ പ്രതിച്ഛായ മാറുകയായികുന്നു. അന്നത്തെ മത്സരം ആ തിരഞ്ഞെടുപ്പിന്റെ നിര്‍ണായക പോരാട്ടമായി മാറുകയും അധികാരിയെ ബംഗാളിലെ ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട മുഖമാക്കി മാറ്റുകയുമായിരുന്നു.

അതേസമയം ബംഗാളിലെ നിലവിലെ ജനവിധി ബിജെപി സ്വന്തമാക്കിയത് വോട്ട് മോഷണത്തിലൂടെയാണെന്നാണ് മമതയുടെ ആരോപണം. താന്‍ എന്തിന് താഴെയിറങ്ങണമെന്നും തൃണമൂല്‍ പരാജയപ്പെട്ടിട്ടില്ലെന്നും ജനവിധി മോഷ്ടിച്ചതാണെന്നുമായിരുന്നു മമത പ്രതികരിച്ചത്. സ്വന്തം മണ്ഡലമായ ഭവാനിപൂരില്‍ സുവേന്ദു അധികാരിയോട് പതിനയ്യായിരത്തില്‍പ്പരം വോട്ടുകള്‍ക്കാണ് മമതാ ബാനര്‍ജി പരാജയപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *