എഐസിസി നിരീക്ഷകന്റെ പട്ടികയില്‍ വോട്ട് കാണാനില്ല; ഹൈക്കമാന്‍ഡിന് പരാതി നല്‍കി കെ നീലകണ്ഠന്‍

തിരുവനന്തപുരം: കേരളത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കവെ, കോൺഗ്രസിനുള്ളിൽ പുതിയ വിവാദം പുകയുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എംഎൽഎമാരുടെ പിന്തുണ രേഖപ്പെടുത്തിയ പട്ടിക പുറത്തുവന്നതിന് പിന്നാലെയാണ് തർക്കങ്ങൾ ഉടലെടുത്തിരിക്കുന്നത്. ഉദുമയിൽ നിന്നുള്ള നിയുക്ത എംഎൽഎ കെ. നീലകണ്ഠന്റെ പേരിന് നേരെ അഭിപ്രായങ്ങളൊന്നും രേഖപ്പെടുത്താത്തതാണ് ഇപ്പോൾ വലിയ ചർച്ചയായിരിക്കുന്നത്.

എഐസിസി നിരീക്ഷകർ തയ്യാറാക്കിയ രേഖയിൽ തന്റെ പേരിന് നേരെ ‘ബ്ലാങ്ക്’ ആയി കിടക്കുന്നത് എങ്ങനെയാണെന്ന് അറിയില്ലെന്ന് കെ. നീലകണ്ഠൻ പറഞ്ഞു. താൻ കൃത്യമായ അഭിപ്രായം നിരീക്ഷകരെ അറിയിച്ചിരുന്നതാണെന്നും, ഇതിൽ അസ്വാഭാവികതയുണ്ടെന്നും ചൂണ്ടിക്കാട്ടി അദ്ദേഹം ഹൈക്കമാൻഡിന് പരാതി നൽകി. മുകുൾ വാസ്‌നിക്കിനും അജയ് മാക്കനുമാണ് നീലകണ്ഠൻ മെയിൽ വഴി പരാതി അയച്ചിരിക്കുന്നത്.

ഇന്ന് രാവിലെ വി.ഡി. സതീശനുമായി അദ്ദേഹം ഫോണിൽ സംസാരിക്കുകയും ചെയ്തു. പുറത്തുവന്ന രേഖയുടെ ആധികാരികതയെക്കുറിച്ച് അറിയില്ലെന്നും, എന്നാൽ ജനവികാരത്തിനൊപ്പമാണ് താനെന്നും നീലകണ്ഠൻ വ്യക്തമാക്കി. വി.ഡി. സതീശനെയാണ് നീലകണ്ഠൻ പിന്തുണയ്ക്കുന്നതെന്നാണ് സൂചനകൾ.

അതേസമയം, നീലകണ്ഠന്റെ വോട്ട് രേഖപ്പെടുത്താത്തതിൽ രമേശ് ചെന്നിത്തല പക്ഷവും കടുത്ത അതൃപ്തിയിലാണ്. ചെന്നിത്തല നേരിട്ട് നിരീക്ഷകരുമായി ബന്ധപ്പെട്ട് തന്റെ ഭാഗം വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട പട്ടിക പ്രകാരം കെ.സി. വേണുഗോപാലിന് വലിയ രീതിയിലുള്ള പിന്തുണ എംഎൽഎമാർക്കിടയിലുണ്ട്.

  • കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്നവർ: സണ്ണി ജോസഫ്, സന്ദീപ് വാര്യർ, ടി. സിദ്ദിഖ്, സജീവ് ജോസഫ്, ഉഷ വിജയൻ, ടി.ഒ. മോഹനൻ.
  • ഐ.സി. ബാലകൃഷ്ണൻ: കെ.സിക്കും ചെന്നിത്തലയ്ക്കും ഒരുപോലെ പിന്തുണ അറിയിച്ചിരിക്കുകയാണ്.

മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനം വൈകാതെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതിനിടെ ഗ്രൂപ്പ് തിരിഞ്ഞുള്ള ഫ്ലെക്സ് യുദ്ധങ്ങളും ശക്തിപ്രകടനങ്ങളും തെരുവിൽ തുടരുകയാണ്. ഫ്ലെക്സ് ബോർഡുകളല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് കെ. മുരളീധരനും ബെന്നി ബെഹനാനും പ്രതികരിച്ചു. നിരീക്ഷകരുടെ റിപ്പോർട്ട് പരിശോധിച്ച ശേഷം നേതാക്കളെ ഹൈക്കമാൻഡ് ഉടൻ ഡൽഹിയിലേക്ക് വിളിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *