കാസർഗോഡ്: കേരളത്തിൽ വരും ദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് (07/05/2026) മുതൽ മെയ് 11 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
മനുഷ്യജീവനും വളർത്തുമൃഗങ്ങൾക്കും ഒപ്പം വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വലിയ നാശനഷ്ടങ്ങൾ വരുത്താൻ ശേഷിയുള്ളതാണ് ഇടിമിന്നൽ. കാർമേഘം കണ്ടുതുടങ്ങുന്ന സമയം മുതൽ തന്നെ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (KSDMA) നിർദ്ദേശിച്ചു.
പ്രധാന ജാഗ്രതാ നിർദ്ദേശങ്ങൾ:
- വീടിനുള്ളിൽ സുരക്ഷിതരായിരിക്കുക: ഇടിമിന്നലിന്റെ ലക്ഷണം കണ്ടാലുടൻ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറുക. ജനലുകളും വാതിലുകളും അടച്ചിടുക. ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കണം.
- വൈദ്യുതോപകരണങ്ങൾ: മിന്നലുള്ള സമയത്ത് ഗൃഹോപകരണങ്ങളുടെ പ്ലഗ്ഗുകൾ ഊരിയിടുക. ടെലിഫോൺ ഉപയോഗം ഒഴിവാക്കുക (മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല).
- തുറസായ സ്ഥലങ്ങൾ ഒഴിവാക്കുക: അന്തരീക്ഷം മേഘാവൃതമാണെങ്കിൽ കുട്ടികളെ ടെറസിലോ മുറ്റത്തോ കളിക്കാൻ അനുവദിക്കരുത്. മഴക്കാറ് കാണുമ്പോൾ തുണി എടുക്കാൻ ടെറസിലേക്ക് പോകുന്നത് ഒഴിവാക്കണം.
- മരച്ചുവട് സുരക്ഷിതമല്ല: ഇടിമിന്നലുള്ളപ്പോൾ മരച്ചുവട്ടിൽ നിൽക്കുന്നതും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും അപകടകരമാണ്.
- യാത്രക്കാർ ശ്രദ്ധിക്കാൻ: സൈക്കിൾ, ബൈക്ക്, ട്രാക്ടർ യാത്രകൾ ഒഴിവാക്കുക. കാറിനുള്ളിലോ മറ്റ് അടച്ച വാഹനങ്ങളിലോ ഉള്ളവർ അതിനുള്ളിൽ തന്നെ തുടരുന്നതാണ് സുരക്ഷിതം.
- ജലാശയങ്ങളിൽ ഇറങ്ങരുത്: മീൻപിടുത്തം, കുളിക്കൽ, ബോട്ടിങ് എന്നിവ കർശനമായും നിർത്തിവെക്കുക. കാർമേഘം കാണുമ്പോൾ തന്നെ കരയിലേക്ക് മടങ്ങാൻ ശ്രദ്ധിക്കണം.
- വളർത്തുമൃഗങ്ങൾ: വളർത്തുമൃഗങ്ങളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിക്കെട്ടുക. മിന്നൽ സമയത്ത് ഇവയെ മാറ്റാൻ പുറത്തിറങ്ങരുത്.
തുറസായ സ്ഥലത്താണെങ്കിൽ എന്തുചെയ്യണം?
മറ്റൊരു കെട്ടിടത്തിലേക്ക് മാറാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ, പാദങ്ങൾ ചേർത്ത് വച്ച് തല കാൽമുട്ടുകൾക്കിടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ടിരിക്കുക.
പ്രഥമ ശുശ്രൂഷ മറക്കരുത്:
മിന്നലേറ്റ വ്യക്തിയുടെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടായിരിക്കില്ല. അതിനാൽ പ്രഥമ ശുശ്രൂഷ നൽകാൻ മടിക്കരുത്. ആദ്യ 30 സെക്കൻഡുകൾ ജീവൻ രക്ഷിക്കാനുള്ള ‘സുവർണ്ണ നിമിഷങ്ങളാണെന്ന്’ ഓർക്കുക. എത്രയും വേഗം വൈദ്യസഹായം ലഭ്യമാക്കുക.
പുറപ്പെടുവിച്ച തീയതി: 07/05/2026
കടപ്പാട്: IMD / KSEOC / KSDMA












Leave a Reply