ഭൂമിയില്‍ നിന്നേറ്റവും അകലേയ്ക്ക് സഞ്ചരിച്ച, ചന്ദ്രനെ ചുറ്റിക്കണ്ട മനുഷ്യര്‍ ഭൂമിയില്‍ തിരിച്ചെത്തി

ഭൂമിയില്‍ നിന്നേറ്റവും അകലേയ്ക്ക് സഞ്ചരിച്ച, ചന്ദ്രനെ ചുറ്റിക്കണ്ട മനുഷ്യര്‍ ഭൂമിയില്‍ തിരിച്ചെത്തി. ആര്‍ട്ടെമിസ് 2 ദൗത്യസംഘവുമായി ഒറയണ്‍ ഇന്റഗ്രിറ്റി പേടകം പുലര്‍ച്ചെ 5:37നാണ് ശാന്തസമുദ്രത്തില്‍ വന്നിറങ്ങിയത്. യുഎസ് നാവികസേനയുടെ പ്രത്യേക സംഘം നാല് യാത്രികരെയും കരുതലോടെ വീണ്ടെടുത്തു. ഇനി അല്‍പ്പനാള്‍ ജോണ്‍സണ്‍ സ്‌പേസ് സെന്ററില്‍ വിശ്രമവും വിശദ വൈദ്യപരിശോധനയും. മനുഷ്യന്‍ ചന്ദ്രനിലിറങ്ങുന്ന ദിവസത്തിനായാണ് ഇനി ലോകത്തിന്റെ കാത്തിരിപ്പ്.

11,17,658 കിലോമീറ്റര്‍ താണ്ടി അവര്‍ ഭൂമിയിലേക്ക് തിരിച്ചെത്തി. 2700 ഡിഗ്രി സെല്‍ഷ്യസ് ചൂടിനെ ജയിച്ച്, ശബ്ദത്തേക്കാള്‍ 35 മടങ്ങ് വേഗത്തില്‍ പറന്ന് ആര്‍ട്ടെമിസ് 2 സംഘം ഭൂമിയെ തൊട്ടു. സര്‍വ്വീസ് മൊഡ്യൂളിനോട് വിടപറഞ്ഞ് അന്തരീക്ഷത്തില്‍ പ്രവേശിച്ച നിമിഷം മുതല്‍ കടലിറക്കം വരെ വെറും 14 മിനുട്ടായിരുന്നു. താപകവചവും പാരച്യൂട്ടുകളും കെല്‍പ്പ് തെളിയിച്ചു. അഗ്‌നിപരീക്ഷ ജയിച്ച ഒറയോണ്‍ നാസയുടെ വിശ്വാസം കാത്തു. കടലിലിറങ്ങിയ പേടകത്തിനടുത്തേക്ക് യുഎസ് നാവികര്‍ കുതിച്ചെത്തി. ആശയവിനിമയ സംവിധാനം കുറച്ച് നേരം പണിമുടക്കിയതൊഴിച്ചാല്‍ ലാന്‍ഡിങ്ങ് ദൗത്യത്തിന് നൂറില്‍ നൂറ് മാര്‍ക്ക്.

സഞ്ചാരികള്‍ ആദ്യം പേടകത്തില്‍ നിന്ന് ബോട്ടിലേക്ക്. പിന്നെ ബോട്ടില്‍ നിന്ന് ഹെലികോപ്റ്ററിലേക്ക്. അവിടുന്ന് യുഎസ്എസ് ജോണ്‍ പി മെര്‍ത്തയിലേക്ക്. മിഷന്‍ കമാന്‍ഡര്‍ റെയ്ഡ് വൈസ്മാനും പൈലറ്റ് വിക്ടര്‍ ഗ്ലവറും, മിഷന്‍ സ്‌പെഷ്യലിസ്റ്റുകളായ ക്രിസ്റ്റീന കുക്കും, ജെറമി ഹാന്‍സണും സുഖമായിരിക്കുന്നു. കഠിന ദൗത്യത്തിന്റെ ക്ഷീണമില്ല. അവരുടെ മുഖത്ത് ചരിത്ര നേട്ടത്തിന്റെ തിളക്കം മാത്രം. ഒമ്പത് ദിവസവും ഒരു മണിക്കൂറും 32 മിനുട്ടും നീണ്ട ആര്‍ട്ടെമിസ് 2 ഒരു തുടക്കം മാത്രമാണ്. ചന്ദ്രനില്‍ ആളെയിറക്കാനുള്ള ഓട്ടമത്സരത്തിന് ഇനി ചൂട് പിടിക്കും. ചൈനീസ് സഞ്ചാരികളുടെ ചന്ദ്രനെ ചുറ്റി വരല്‍ 2028 ലായിരിക്കും. അപ്പോഴേക്ക് വീണ്ടും ചന്ദ്രനില്‍ കാല്‍ വയ്ക്കാന്‍ കച്ചകെട്ടുകയാണ് അമേരിക്ക. മനുഷ്യന്റെ പുതിയ ചുവടുവയ്പ്പിന് കാലം കാത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *