കാസര്‍കോട് നുള്ളിപ്പാടിയില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നകെട്ടിടത്തിലെ ലിഫ്റ്റിനായി എടുത്ത കുഴിയില്‍ അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; തലയ്‌ക്കെറ്റ അടിയാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കാസര്‍കോട്: നുള്ളിപ്പാടി ദേശീയ പാതയ്ക്ക് സമീപം നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ബഹുനില കെട്ടിടത്തിലെ ലിഫ്റ്റിനായി എടുത്ത കുഴിയില്‍ അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. തലയ്ക്ക് അടിയേറ്റത് മൂലമാണ് മരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്. അതിനിടെ കൊല്ലപ്പെട്ടത് കര്‍ണ്ണാടക ഹാസന്‍ സ്വദേശിയാണെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്‌ക്വാഡ് അംഗങ്ങള്‍ ഹാസനിലേക്ക് പോയിട്ടുണ്ട്.

2026 മാര്‍ച്ച് 10 ചൊവ്വാഴ്ച രാത്രി പത്തേകാലോടെയാണ് മൃതദേഹം കണ്ടെത്തിയത്. നുള്ളിപ്പാടി നാലപ്പാട് ഫര്‍ണിച്ചര്‍ സ്ഥാപനത്തിന് സമീപമുള്ള അബ്ദുല്‍ റഹ്മാന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണം പുരോഗമിക്കുന്ന കെട്ടിടത്തിന്റെ അണ്ടര്‍ ഗ്രൗണ്ട് ഭാഗത്തുള്ള ലിഫ്റ്റ് കുഴിയിലാണ് മൃതദേഹം കണ്ടത്. ഏകദേശം 25 മുതല്‍ 30 വയസ്സ് വരെ പ്രായമുള്ള പുരുഷന്റേതാണ് മൃതദേഹമെന്ന് പോലീസ് അറിയിച്ചു.

സംഭവസ്ഥലത്ത് നിന്ന് ഒരു ആധാര്‍ കാര്‍ഡ് പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ ആധാര്‍ കാര്‍ഡ് മരിച്ചയാളുടേതല്ലെന്നാണ് സൂചന. ഇത് കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നുണ്ട്. തലയ്ക്കടിയേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിട്ടുണ്ട്

കെട്ടിട ഉടമയുടെ മകനായ തളങ്കര കുന്നില്‍ സ്വദേശി ഇസ്മാഈല്‍ ഷാസ്ലി കെ.ആറിന്റെ പരാതിയിലാണ് കാസര്‍കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കൊലപാതക സാധ്യത ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആളെ തിരിച്ചറിയാനുള്ള ശ്രമങ്ങളും പോലീസ് തുടരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *