സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 19.340 ഗ്രാം എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 19.340 ഗ്രാം എം ഡി എം എയുമായി യുവാവിനെ കുമ്പള പൊലീസ് അറസ്റ്റു ചെയ്തു. ദക്ഷിണ കര്‍ണ്ണാടക പെരുമണ്ണൂര്‍, പല്ലക്കല്ലാപ്പുവിലെ എസ് എം മന്‍സിലില്‍ സയ്യിദ് അഫ്രീദി (28)യെ ആണ് കുമ്പള പൊലീസ് ഇന്‍സ്പെക്ടര്‍ ബൈജു കെ ജോസ് എസ് ഐ സി സനിത് എന്നിവര്‍ അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെ ഷിറിയ, മുട്ടത്ത് വച്ചാണ് അറസ്റ്റ്. പട്രോളിംഗ് നടത്തുകയായിരുന്നു പൊലീസ് സംഘം. ഇതിനിടയില്‍ മുട്ടം സര്‍വ്വീസ് റോഡില്‍ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട കര്‍ണ്ണാടക രജിസ്ട്രേഷനിലുള്ള സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്നു കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തില്‍ എ എസ് ഐ മാരായ സുധീഷ്, അതുല്‍റാം, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സജീഷ്, മഹേഷ് എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *