ഇറ്റലിക്ക് ഇത് ജീവന്‍മരണ പോരാട്ടം, ലോകകപ്പ് സ്വപ്നം നിലനിര്‍ത്താന്‍ വമ്പന്മാര്‍ ഇന്നിറങ്ങുന്നു

മിലാന്‍: ലോകകപ്പ് ഫുട്‌ബോളിന് യോഗ്യത നേടാനുള്ള യൂറോപ്യന്‍ മേഖലയിലെ പ്ലേ ഓഫ് റൗണ്ടില്‍ വമ്പന്‍ ടീമുകള്‍ക്ക് ഇന്ന് ജീവന്‍ മരണ പോരാട്ടം. ഇറ്റലി, ഡെന്‍മാര്‍ക്ക്, സ്വീഡന്‍ തുടങ്ങിയവര്‍ ലോകകപ്പ് പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്നിറങ്ങും. അമേരിക്കയും മെക്‌സിക്കോയും കാനഡയും സംയുക്തമായി വേദിയാവുന്ന ഈവര്‍ഷത്തെ ലോകകപ്പില്‍ യൂറോപ്പില്‍ നിന്ന് കളിക്കുക 16 ടീമുകള്‍.
പന്ത്രണ്ട് രാജ്യങ്ങള്‍ ഇതിനോടകം ലോകകപ്പിന് യോഗ്യതനേടിക്കഴിഞ്ഞു. ശേഷിച്ച നാല് സ്ഥാനങ്ങള്‍ക്കായി പ്ലേഓഫില്‍ മത്സരിക്കുന്നത് പതിനാറ് ടീമുകള്‍. നോക്കൗട്ട് രീതിയിലുള്ള രണ്ട് കളിയില്‍ ജയിക്കുന്ന നാല് ടീമുകള്‍ ലോകകപ്പിന് യോഗ്യത നേടും. മുന്‍ ചാമ്പ്യന്‍മാരായ ഇറ്റലിക്ക് വടക്കന്‍ അയര്‍ലന്‍ഡാണ് എതിരാളികള്‍. അയര്‍ലന്‍ഡ്, ചെക് റിപ്പബ്ലിക്കിനെയും ഡെന്‍മാര്‍ക്ക്, നോര്‍ത്ത് മാസിഡോണിയയെയും പോളണ്ട്, അല്‍ബേനിയയെയും, സ്ലോവാക്യ, കൊസോവോയെയും, ഉക്രെയ്ന്‍, സ്വീഡനെയും വെയ്ല്‍സ്, ബോസ്‌നിയ ആന്‍ഡ് ഹെര്‍സിഗോവിനയെയും നേരിടും.
എല്ലാ കളിയും തുടങ്ങുക ഇന്ത്യന്‍ സമയം രാത്രി ഒന്നരയ്ക്ക്. തുര്‍ക്കി രാത്രി പത്തരയ്ക്ക് തുടങ്ങുന്ന കളിയില്‍ റൊമാനിയയുമായി ഏറ്റുമുട്ടും. തുടര്‍ച്ചയായ മൂന്നാം തവണയും ഇറ്റലി ലോകകപ്പിന് യോഗ്യത നേടാതെ പുറത്താവുമോ എന്നാണ് ഫുട്‌ബോള്‍ ലോകത്തിന്റെ ആകാംക്ഷ. യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ഐയില്‍ മത്സരിച്ച ഇറ്റലി ആറ് ജയവും രണ്ട് തോല്‍വിയുമടക്കം 18 പോയിന്റുമായി നോര്‍വേയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി.

Leave a Reply

Your email address will not be published. Required fields are marked *