കാസര്‍കോട് ബദിയടുക്ക കന്യപ്പാടിയില്‍ കാട്ടുപോത്തിറങ്ങി

കാസർകോട്: കുമ്പള-മുള്ളേരിയ കെഎസ്ടിപി റോഡിലെ കന്യപ്പാടിയിൽ കൂറ്റൻ കാട്ടുപോത്തിറങ്ങി. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് കാട്ടുപോത്ത് എത്തിയത്. ഞായറാഴ്ച പകൽ പട്ടാജേ ഭാഗത്ത് കറങ്ങി നടന്ന പോത്ത് തുടർന്ന് കന്യാപ്പാടിയിലെത്തി ബസ് സ്‌റ്റോപ്പിനു മുന്നിൽ ഏറെ നേരം നിലയുറപ്പിച്ചു. കാട്ടുപോത്തിനെ കണ്ട് ഭീതിയും കൗതുകവും തോന്നി യാത്രക്കാരായ ആളുകൾ വാഹനങ്ങൾ നിർത്തി ചിത്രം പകർത്തുകയായിരുന്നു.

സ്ഥലത്തുണ്ടായിരുന്ന തെരുവുനായ്ക്കൾ കാട്ടുപോത്തിനെ വളഞ്ഞ് നിർത്താതെ കുരച്ചുകൊണ്ട് അക്രമിക്കാനുള്ള ശ്രമം ഉണ്ടായതോടെ പോത്ത് സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഓടിപ്പോയി.

കഴിഞ്ഞ ഏതാനും ദിവസം മുമ്പും കന്യപ്പാടിയിൽ കാട്ടുപോത്തിനെ കണ്ടതായി നാട്ടുകാർ പറയുന്നു. അന്നു ഫോട്ടോകളൊന്നും എടുക്കാൻ കഴിയാതിരുന്നതിനാൽ ഭൂരിഭാഗം ആൾക്കാരും വിശ്വസിക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ തിങ്കളാഴ്ച രാത്രി നടുറോഡിൽ ഇറങ്ങിയ കാട്ടുപോത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഭീതിയിലായിരിക്കുകയാണ് നാട്ടുകാർ. കടുത്ത ചൂടും കുടിവെള്ള ക്ഷാമവും കാരണമായിരിക്കാം കാട്ടുപോത്തുകൾ നാട്ടിലേക്ക് ഇറങ്ങുന്നതെന്നു പറയുന്നു. വേനൽ കടുക്കുന്നതോടെ കൂടുതൽ വന്യമൃഗങ്ങൾ നാട്ടിലിറങ്ങുമെന്ന ഭീതിയും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം ഉദുമ, പഞ്ചായത്തിലെ ബാര, അരമങ്ങാനം സ്‌കൂളിനു സമീപത്തെ തോട്ടിലും കാട്ടുപോത്തിനെ കണ്ടതായി പ്രചരണം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *