കാഞ്ഞങ്ങാട്ട് മഞ്ഞക്കുറ്റികൾ പിഴുതുമാറ്റി യൂത്ത് കോൺഗ്രസ്സ്

കാഞ്ഞങ്ങാട്: എൽ.ഡി.എഫ് സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ-റെയിൽ പുതിയ യു.ഡി.എഫ് സർക്കാർ ഔദ്യോഗികമായി നിർത്തലാക്കിയ പശ്ചാത്തലത്തിലാണ് കാഞ്ഞങ്ങാട്ടിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മഞ്ഞക്കുറ്റികൾ പിഴുതുമാറ്റി ആഹ്ലാദം പ്രകടിപ്പിച്ചത്. കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. റെയിൽവേ ഗേറ്റ് പരിസരത്ത് മുൻപ് സ്ഥാപിച്ചിരുന്ന അതിർത്തി നിർണ്ണയ കുറ്റികളാണ് പ്രവർത്തകർ കൂട്ടത്തോടെ പിഴുതെറിഞ്ഞത്.

യൂത്ത് കോൺഗ്രസ് നടത്തിയ ഈ ആഹ്ലാദപ്രകടനവും കുറ്റികൾ പിഴുതുമാറ്റുന്ന പരിപാടിയും ഡി.സി.സി വൈസ് പ്രസിഡണ്ട് ബി.പി പ്രദീപ്‌കുമാർ ഉദ്ഘാടനം ചെയ്തു. പദ്ധതി പാതിവഴിയിലായതോടെ ഭൂമി നഷ്ട്‌ടപ്പെട്ട് ജീവിതം വഴിമുട്ടിയ ആയിരക്കണക്കിന് കുടുംബങ്ങളുടെ സ്വപ്‌പ്നങ്ങൾക്കാണ് മുൻ സർക്കാർ കരിനിഴൽ വീഴ്ത്തിയതെന്നും, ആ ജനദ്രോഹ നടപടിയാണ് യു.ഡി.എഫ് സർക്കാർ ഇപ്പോൾ തിരുത്തിയിരിക്കുന്നതെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി. ദുരിതത്തിലായ സാധാരണക്കാർക്ക് പുതിയ പ്രതീക്ഷ നൽകുന്നതാണ് സർക്കാരിന്റെ ഈ തീരുമാനമെന്നും പ്രദീപ് കുമാർ കൂട്ടിച്ചേർത്തു.

യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രതീഷ് കാട്ടുമാടം, നിയോജക മണ്ഡലം പ്രസിഡണ്ട് ഷിബിൻ ഉപ്പിലിക്കൈ, മണ്ഡലം പ്രസിഡണ്ട് വിനീത് എച്ച്.ആർ എന്നിവർ ആഹ്ലാദപ്രകടനത്തിന് മുന്നിൽ നിന്ന് നേതൃത്വം നൽകി. ഇവർക്കൊപ്പം നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ ശ്രീജിത്ത് പുതുക്കുന്ന്, ശരത്ത് ചന്ദ്രൻ, കൃഷ്‌ണലാൽ തോയമ്മൽ, പ്രതീഷ് കല്ലഞ്ചിറ എന്നിവരും, മണ്ഡലം സെക്രട്ടറിമാരായ ഊഷ്‌മ പ്രസാദ്, സുനീഷ് അരയി, സുഭേഷ് കാർത്തിക, സജിത്ത് ലാൽ തുടങ്ങിയ പ്രമുഖ നേതാക്കളും പ്രവർത്തകരും പരിപാടിയിൽ അണിനിരന്നു.

Leave a Reply

Your email address will not be published. Required fields are marked *