കോഴിക്കോട് വിലങ്ങാട് വനത്തിൽ കുടുങ്ങിയ മൂന്ന് യുവാക്കളെയും സുരക്ഷിതമായി കണ്ടെത്തി; രക്ഷകരായി വനംവകുപ്പും നാട്ടുകാരും

കോഴിക്കോട്: വിലങ്ങാട് വനത്തിനുള്ളിൽ വഴിയറിയാതെ കുടുങ്ങിപ്പോയ മൂന്ന് യുവാക്കളെയും വനംവകുപ്പും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ കണ്ടെത്തി. മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്കൊടുവിൽ മൂവരെയും സുരക്ഷിതമായി താഴെ എത്തിച്ചു.

വഴിയറിയാതെ വനത്തിനുള്ളിൽ ഇന്ന് വൈകുന്നേരം നാലരയോടെയാണ് യുവാക്കൾ വനത്തിനുള്ളിലേക്ക് പോയത്. എന്നാൽ കാടിനുള്ളിൽ വെച്ച് ഇരുട്ടു വീണതോടെ ഇവർക്ക് മടക്കവഴി കണ്ടെത്താനാകാതെ വരികയായിരുന്നു. രക്ഷപ്പെടാനായി യുവാക്കൾ വനത്തിനുള്ളിൽ വെച്ച് ഉച്ചത്തിൽ നിലവിളിക്കുകയും മൊബൈൽ ഫോണിന്റെ ഫ്ലാഷ് ലൈറ്റുകൾ തെളിച്ച് കാണിക്കുകയും ചെയ്തു.

തുണയായത് നാട്ടുകാരുടെ ശ്രദ്ധ വിലങ്ങാട് നാദാപുരം മുടി വനമേഖലയിൽ നിന്ന് അസ്വാഭാവികമായ ശബ്ദവും ടോർച്ചിന്റെ വെളിച്ചവും ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചത്. പ്രശസ്ത വിനോദസഞ്ചാര കേന്ദ്രവും വ്യൂ പോയിന്റുമായ ‘മുടി’യിലേക്ക് വിലങ്ങാട് വഴി സഞ്ചാരികൾ സാധാരണയായി ട്രക്കിംഗിനായി പോകാറുണ്ട്. കാടിന് സമീപത്തുനിന്ന് യുവാക്കൾ സഞ്ചരിച്ച ബൈക്കുകളും കണ്ടെത്തിയിരുന്നു.

സംയുക്ത തെരച്ചിൽ വിജയം വിവരമറിഞ്ഞ ഉടൻ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാദാപുരം ഫയർഫോഴ്സും പ്രദേശത്തേക്ക് കുതിച്ചെത്തി. തുടർന്ന് നാട്ടുകാരും അധികൃതരും സംയുക്തമായി വനത്തിനുള്ളിലേക്ക് കയറി നടത്തിയ കൃത്യമായ പരിശോധനയിലാണ് യുവാക്കളെ കണ്ടെത്താനായത്. സമയബന്ധിതമായ ഇടപെടൽ വലിയൊരു അപകടമാണ് ഒഴിവാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *