കാസർകോട്: ദേശീയപാതയിൽ സർവ്വീസ് റോഡരുകിൽ സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡ് അവഗണിച്ച് മുന്നോട്ട് നീങ്ങിയ ലോറി ഡ്രൈനേജിനായി എടുത്ത കുഴിയിലേയ്ക്ക് മൂക്കുകുത്തി വീണു. വെള്ളിയാഴ്ച രാത്രി ഉപ്പള ഭഗവതി ഗേറ്റിനു സമീപത്താണ് അപകടം സംഭവിച്ചത്. മംഗ്ളൂരു ഭാഗത്തു നിന്നും ഉപ്പളയിലേക്ക് വരികയായിരുന്നു ലോറി.
ഉപ്പള ഗേറ്റിൽ നേരത്തെ സ്ഥാപിച്ചിരുന്ന ഡ്രൈനേജിൽ കൂടി ഒഴുകിപ്പോകുന്ന വെള്ളത്തിൻ്റെ അളവ് കുറയുകയും സ്ഥലത്ത് വെള്ളം കെട്ടിനിൽക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ഇവിടെ പുതിയ ഡ്രൈനേജ് സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇതിനായി സ്ഥലത്ത് വലിയ കുഴിയെടുക്കുകയും റോഡ് അടച്ചിട്ടിരിക്കുന്നുവെന്ന മുന്നറിയിപ്പ് ബോർഡും അധികൃതർ സ്ഥാപിച്ചിരുന്നു. എന്നാൽ രാത്രി സമയത്ത് ഈ ബോർഡ് ശ്രദ്ധിക്കാതെ മുന്നോട്ട് എടുത്തതാണ് ലോറി അപകടത്തിൽപ്പെടാൻ കാരണമെന്ന് സംശയിക്കുന്നു. വലിയ താഴ്ചയുള്ള കുഴിയിലേക്ക് ലോറിയുടെ മുൻഭാഗം പൂർണ്ണമായും പൂണ്ടുപോയ നിലയിലാണ്.












Leave a Reply