തലപ്പാടി: മദ്യലഹരിയിൽ ട്രെയിലർ ലോറി ഓടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട വാഹനം ഇടിച്ച് തലപ്പാടിയിൽ കൂട്ട വാഹനാപകടം. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഓട്ടോ ഡ്രൈവർ അബ്ദുൽ അസീസിനാണ് പരിക്കേറ്റത്. ഇയാളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് അപകട പരമ്പര ഉണ്ടായത്. കാസർകോട് ഭാഗത്ത് നിന്ന് മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയിലർ ലോറി തലപ്പാടിയിൽ എത്തിയപ്പോൾ എതിർദിശയിൽ നിന്ന് വന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷയിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ ലോറി നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്.
തുടർന്ന് അപകടത്തിൽപ്പെട്ട വാഹനങ്ങൾ കണ്ട് നിയന്ത്രണം തെറ്റിച്ച മംഗളൂരു ഭാഗത്ത് നിന്നെത്തിയ കാർ സർവീസ് റോഡിലെ സുരക്ഷാ ഭിത്തിയിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ഭിത്തിയുടെ ഒരു ഭാഗം കാറിന് മുകളിലേക്ക് വീണു.
ഇതിനിടെ കാസർകോട് ഭാഗത്ത് നിന്ന് വന്ന മറ്റൊരു ലോറിയുടെ ഡ്രൈവർ അപകടം നോക്കുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് മുന്നിലുണ്ടായിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. പിന്നാലെയെത്തിയ കാറും നിർത്തുന്നതിനിടെ തെന്നിമാറി അപകടത്തിൽപ്പെട്ട ലോറിയിൽ ഇടിച്ചു.
തുടർന്ന് മംഗളൂരു ഭാഗത്ത് നിന്ന് വന്ന മറ്റൊരു ലോറിയും ട്രെയിലർ ലോറിയിൽ ഇടിച്ചു. പിന്നാലെ എത്തിയ മറ്റൊരു കാറും അപകടത്തിൽപ്പെട്ടു. ഓട്ടോറിക്ഷ, മൂന്ന് കാറുകൾ, രണ്ട് ലോറികൾ എന്നിവയാണ് അപകടത്തിൽപ്പെട്ടത്.
മദ്യലഹരിയിൽ വാഹനമോടിച്ചതിന് ബംഗളൂരു സ്വദേശി ലോറി ഡ്രൈവർ അർജുന (33)നെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.












Leave a Reply