കാസർകോട് റബ്ബർ ഷീറ്റ് മെഷീൻ മോഷണം: 19-കാരൻ അറസ്റ്റിൽ; കൂട്ടിന് പ്രായപൂർത്തിയാകാത്ത രണ്ടുപേരും

കാസർകോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ ഷേണി, എൽക്കാനയിൽ നിന്ന് റബ്ബർ ഷീറ്റ് മെഷീൻ മോഷ്ടിച്ച കേസിൽ യുവാവ് പിടിയിൽ. പുത്തിഗെ ബാഡൂർ പള്ളം കോട്ട ഹൗസിലെ മുഹമ്മദ് ഇഷാഖിനെയാണ് (19) ബദിയഡുക്ക ഇൻസ്പെക്ടർ ആർ.പി. അനൂപ് കൃഷ്‌ണൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്‌തത്‌.

പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളുടെ സഹായത്തോടെയാണ് ഇയാൾ മോഷണം നടത്തിയത്. കണ്ണാടിക്കാന സ്വദേശിയായ സോജൻ ജോർജ്ജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. സോജൻ്റെ ഉടമസ്ഥതയിലുള്ള ‘പി വി റബ്ബേർസ്’ എന്ന ബിസിനസ് സ്ഥാപനത്തിൽ നിന്നാണ് ഏകദേശം 600 കിലോയോളം തൂക്കം വരുന്ന റബ്ബർ റോളർ മെഷീൻ ഇവർ ഇളക്കിക്കൊണ്ടുപോയത്. കഴിഞ്ഞ ജൂൺ 22-നും 28-നും ഇടയിലുള്ള സമയത്തായിരുന്നു മോഷണം നടന്നത്.

ബദിയഡുക്ക എസ്.ഐ രൂപേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ പി.കെ. പ്രസാദ്, ഗോകുൽ, ശ്രീനേഷ് എന്നിവരും പ്രതിയെ പിടികൂടിയ പൊലീസ് സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും. കേസിലെ മറ്റ് പ്രതികളായ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെ ജുവനൈൽ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *