കാസർകോട്: ജില്ലയിൽ ലഹരിമാഫിയക്കെതിരെ പൊലീസ് നടത്തിവരുന്ന ശക്തമായ പരിശോധനയായ ‘ഓപ്പറേഷൻ തൂഫാൻ്റെ’ ഭാഗമായി മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ചെമ്മനാട് വില്ലേജിലെ ദേളി, കുന്നുപാറ ഹൗസിൽ മുഹമ്മദ് റൈസി(32)നെയാണ് കാസർകോട് ടൗൺ പൊലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് അഞ്ച് ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു.
ബുധനാഴ്ച രാത്രി 11 മണിയോടെ കൂഡ്‌ലു ആർ.ഡി നഗറിൽ വച്ചായിരുന്നു അറസ്റ്റ്. ജില്ലാ ഡാൻസാഫ് (DANSAF) ടീം നൽകിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ടൗൺ എസ്ഐ സി.ആർ. മൗഷ്‌മിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രദേശത്ത് റെയ്ഡ് നടത്തിയത്.
പൊലീസ് പട്രോളിംഗിനിടയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളെ പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെടുത്തത്. ലഹരിവിരുദ്ധ സംഘത്തിൽ എഎസ്ഐ സതീഷ് ബാബു, സീനിയർ സിവിൽ പൊലീസ് ഓഫീസർ സതീശൻ, സിവിൽ പൊലീസ് ഓഫീസർ ജയിംസ് എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും. ജില്ലയിൽ വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് പൊലീസ് അറിയിച്ചു.
ഓപ്പറേഷൻ തൂഫാൻ: കാസർകോട് 5 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ













Leave a Reply