കാസർകോട് നായന്മാർമൂലയിൽ വാഹനാപകടം: ബൈക്ക് യാത്രക്കാരനായ ആലംപാടി സ്വദേശി മരിച്ചു

കാസർകോട്: നായന്മാർമൂലയിലുണ്ടായ റോഡപകടത്തിൽ ബൈക്ക് യാത്രക്കാരനായ ആലംപാടി സ്വദേശി റഫീഖ് (45) മരണപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെ നായന്മാർമൂലയിലെ ആറുവരിപ്പാതയിലാണ് അപകടം സംഭവിച്ചത്. അന്തരിച്ച റഫീഖ് ‘ആസ്ക് ആലംപാടി’ മുൻ പ്രസിഡന്റാണ്.

മംഗളൂരു ഭാഗത്തുനിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന മീൻ ലോറി റഫീഖ് സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയെ മറികടക്കാൻ ലോറി ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം.

ലോറിയിടിച്ചതോടെ നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചുവീണ റഫീഖ്, റോഡിന്റെ മധ്യഭാഗത്തുള്ള ഡിവൈഡറിലെ ഇരുമ്പ് ബാറുകളിൽ തലയിടിച്ച് വീഴുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റഫീഖ് ധരിച്ചിരുന്ന ഹെൽമറ്റ് പൂർണ്ണമായും തകർന്ന നിലയിലായിരുന്നു.

അപകടത്തെ തുടർന്ന് രക്തത്തിൽ കുളിച്ചുകിടന്ന റഫീഖിനെ നാട്ടുകാരും ഓടിക്കൂടിയവരും ചേർന്ന് ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണവിവരമറിഞ്ഞ് നിരവധി പേരാണ് ആശുപത്രി പരിസരത്ത് തടിച്ചുകൂടിയത്. വിദ്യാനഗർ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *