കാസർകോട്: പൂച്ചക്കാട് അരയാൽത്തറയിൽ പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച. അരയാൽത്തറ സ്വദേശി അബ്ദുൽ മജീദിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഏകദേശം 50 ലക്ഷം രൂപ വിലമതിക്കുന്ന 45 പവൻ സ്വർണാഭരണങ്ങളും 50,000 രൂപയുമാണ് വീട്ടിൽ നിന്നും നഷ്ടപ്പെട്ടത്. സംഭവത്തിൽ ബേക്കൽ പോലീസ് കേസെടുത്ത് ഊർജിതമായ അന്വേഷണം ആരംഭിച്ചു.
അബ്ദുൽ മജീദ് വിദേശത്തായതിനാൽ ഭാര്യ ഹലീമയും മക്കളുമാണ് ഈ വീട്ടിൽ താമസം. ഹലീമയുടെ ഉമ്മ ഹജ്ജിന് പോകുന്നതുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കായി കുടുംബാംഗങ്ങൾ തൊട്ടടുത്തുള്ള തറവാട് വീട്ടിലേക്ക് പോയ സമയത്താണ് മോഷണം നടന്നത്. ശനിയാഴ്ച വൈകിട്ട് 6.30-നും ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്കും ഇടയിലുള്ള സമയത്താണ് കള്ളന്മാർ വീടിനുള്ളിൽ കടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്. വീടിന്റെ മുൻവാതിൽ തകർത്ത നിലയിലായിരുന്നു. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ബേക്കൽ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
നാടിനെ നടുക്കിയ ഈ വൻ മോഷണത്തിന് പിന്നിൽ കൃത്യമായ പ്ലാനിംഗ് നടന്നിട്ടുണ്ടെന്നാണ് പോലീസിന്റെ സംശയം. പ്രതികളെ ഉടൻ പിടികൂടാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.













Leave a Reply