നീലേശ്വരത്ത് വഴിയരികിൽ വീണുകിട്ടിയ 25,000 രൂപ ഉടമയ്ക്ക് തിരികെ നൽകി; മാതൃകയായി വിജില

നീലേശ്വരം: റോഡരികിൽ നിന്ന് കളഞ്ഞുകിട്ടിയ കാൽലക്ഷം രൂപ യഥാർഥ ഉടമയ്ക്ക് തിരിച്ചുനൽകി കരിന്തളം കോയിത്തട്ട സ്വദേശിനി വിജില മാതൃകയായി. നഷ്ടപ്പെട്ടെന്ന് കരുതിയ പണം സുരക്ഷിതമായി കൈകളിൽ തിരിച്ചെത്തിയ സന്തോഷത്തിലാണ് ഓട്ടോ ഡ്രൈവറായ ഉണ്ണികൃഷ്‌ണൻ.

സംഭവം ഇങ്ങനെ:

ഇന്ന് രാവിലെ നീലേശ്വരം പോസ്റ്റ് ഓഫീസിന് സമീപത്തു വച്ചാണ് വിജിലയ്ക്ക് റോഡരികിൽ നിന്നും 25,000 രൂപ കളഞ്ഞു കിട്ടുന്നത്. ഒട്ടും വൈകാതെ തന്നെ വിജില ഈ തുക നീലേശ്വരം പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പണത്തിന്റെ ഉടമ കണിച്ചിറയിലെ അമ്പാടിയുടെ മകനും ഓട്ടോ ഡ്രൈവറുമായ ഉണ്ണിക്കൃഷ്ണനാണെന്ന് തിരിച്ചറിഞ്ഞത്.

പോലീസ് സ്റ്റേഷനിൽ വച്ച് കൈമാറി

നീലേശ്വരം പോലീസ് സ്റ്റേഷനിൽ വച്ച് സബ് ഇൻസ്പെക്ടർമാരായ കെ. അജിത, കെ.വി. രതീശൻ, പി.ആർ.ഒ. പ്രകാശൻ കെ.വി. എന്നിവരുടെ സാന്നിധ്യത്തിൽ വിജില തുക ഉണ്ണിക്കൃഷ്ണന് കൈമാറി.

“അദ്ധ്വാനിച്ചുണ്ടാക്കിയ പണം തിരികെ ലഭിച്ചതിൽ വിജിലയോടുള്ള നന്ദി വാക്കുകളിൽ ഒതുക്കാൻ കഴിയാത്തതാണ്” – ഉണ്ണികൃഷ്‌ണൻ (പണത്തിന്റെ ഉടമ)

കോയിത്തട്ടയിലെ ജയന്റെ ഭാര്യയാണ് വിജില. യുവതിയുടെ ഈ സത്യസന്ധതയ്ക്കും മാതൃകാപരമായ പ്രവൃത്തിക്കും സോഷ്യൽ മീഡിയയിലും നാട്ടുകാർക്കിടയിലും വലിയ രീതിയിലുള്ള അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *