നീലേശ്വരം: നീലേശ്വരത്ത് തൂണുകളോട് കൂടിയ ആകാശപാത നിർമ്മിക്കണമെന്ന ആവശ്യവുമായി ജനകീയ സമര സമിതി നടത്തിവരുന്ന പ്രക്ഷോഭത്തിൻ്റെ നൂറാം ദിനത്തിൽ വിഷയത്തിൽ നിർണ്ണായക ഇടപെടൽ. സമര സമിതിയുടെ അഭ്യർത്ഥനയെത്തുടർന്ന് ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡൻ്റ് ശ്രീമതി അശ്വിനി എം.എൽ. കേന്ദ്ര റോഡ് ഗതാഗത – ദേശീയപാതാ മന്ത്രാലയ സഹമന്ത്രി ശ്രീ ഹർഷ് മൽഹോത്രയുമായി കൂടിക്കാഴ്ച നടത്തി.
സമരത്തിൻ്റെ നൂറാം ദിവസമായ ജൂൺ 30-നായിരുന്നു ഡൽഹിയിൽ വെച്ച് കൂടിക്കാഴ്ച നടന്നത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നീലേശ്വരത്തെ ജനങ്ങൾ നേരിടുന്ന യാത്രാദുരിതവും, പ്രദേശത്ത് മൺതിട്ടയ്ക്ക് പകരം തൂണുകളോട് കൂടിയ ആകാശപാത നിർമ്മിക്കേണ്ടതിൻ്റെ അനിവാര്യതയും ജില്ലാ പ്രസിഡൻ്റ് കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു.
വിഷയം അടിയന്തരമായി പഠിച്ച ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് കേന്ദ്ര സഹമന്ത്രി ഉറപ്പ് നൽകിയതായി ശ്രീമതി അശ്വിനി എം.എൽ. സമരസമിതിയെ അറിയിച്ചു. നൂറ് ദിവസം പിന്നിട്ട ജനകീയ മുന്നേറ്റത്തിന് ഏറെ പ്രതീക്ഷ നൽകുന്നതാണ് കേന്ദ്രമന്ത്രിയുടെ ഈ ഉറപ്പ്.














Leave a Reply