പൊയിനാച്ചി ടൗണിൽ ദേശീയപാത സർവീസ് റോഡിൽ വൻ വിള്ളൽ

പൊയിനാച്ചി: ദേശീയപാത വികസനം നടക്കുന്ന പൊയിനാച്ചി ടൗണിൽ സർവീസ് റോഡ് തകർന്ന് വൻ വിള്ളൽ രൂപപ്പെട്ടു. പൊയിനാച്ചി സെഞ്ച്വറി ഡെന്റൽ കോളേജിന് മുൻപിലുള്ള സർവീസ് റോഡിലാണ് പത്ത് മീറ്ററോളം നീളത്തിൽ വലിയ വിള്ളലും കുഴിയും പ്രത്യക്ഷപ്പെട്ടത്. അടുത്തിടെ മാത്രം ടാറിംഗ് പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്ത ഭാഗത്താണ് ഈ തകർച്ച എന്നുള്ളത് യാത്രക്കാരെയും നാട്ടുകാരെയും ഒരുപോലെ ആശങ്കയിലാക്കുന്നുണ്ട്.

തകർച്ച തുടർച്ചയായി; താൽക്കാലിക പരിഹാരമെന്ന് നാട്ടുകാർ

ചൊവ്വാഴ്ച വൈകിട്ടോടെയാണ് റോഡിൽ ചെറിയ രീതിയിലുള്ള തകർച്ച ആദ്യമായി നാട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്. ഉടൻ തന്നെ അവർ നിർമാണ കരാറുകാരായ ‘മേഘ’ കമ്പനിയെ വിവരമറിയിക്കുകയും, തൊഴിലാളികളെത്തി റോഡിന്റെ പകുതി ഭാഗം അടയ്ക്കുകയും ചെയ്തു. എന്നാൽ ബുധനാഴ്ച രാവിലെയോടെ തകർച്ചയുടെ വ്യാപ്തി വീണ്ടും വർദ്ധിക്കുകയായിരുന്നു.

തെക്ക് ഭാഗത്തുനിന്ന് പൊയിനാച്ചി ടൗണിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്ന പ്രധാന പാതയിലാണ് ഈ തകർച്ച സംഭവിച്ചിരിക്കുന്നത്. ഇതേ സ്ഥലത്ത് മുൻപും രണ്ടുതവണ റോഡ് താഴേക്ക് ഇരുന്നിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ബുധനാഴ്ച ഉച്ചയോടെ കരാർ കമ്പനി ജീവനക്കാരെത്തി റോഡിലെ കുഴി അടച്ച് താത്കാലികമായി പൂർവ്വസ്ഥിതിയിലാക്കിയെങ്കിലും നാട്ടുകാരുടെ ആശങ്ക പൂർണ്ണമായി വിട്ടുമാറിയിട്ടില്ല.

നിർമാണത്തിലെ അപാകതയെന്ന് ആക്ഷേപം

റോഡിന്റെ കൈവരി കോൺക്രീറ്റ് ചെയ്യാനിരിക്കുന്നതേയുള്ളൂ. ഇതിന് പുറമെ ടൗണിലെ ചില ഭാഗങ്ങളിൽ സർവീസ് റോഡിന്റെ നിർമാണം ഇനിയും പൂർത്തിയാകാനുമുണ്ട്. മഴക്കാലമായതോടെ ഈ ഭാഗങ്ങളിൽ കടുത്ത വെള്ളക്കെട്ടും അനുഭവപ്പെടുന്നുണ്ട്. നിരവധി ബസുകളും വൻകിട ഭാരവാഹനങ്ങളും നിരന്തരം കടന്നുപോകുന്ന പാതയിലെ ഈ തകർച്ച വലിയൊരു അപകട ഭീഷണിയാണ് ഉയർത്തുന്നത്. വരും ദിവസങ്ങളിൽ ശക്തമായ മഴ തുടർന്നാൽ റോഡ് വീണ്ടും തകരാൻ സാധ്യതയുണ്ടെന്നാണ് പ്രദേശവാസികൾ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *