കാസർഗോഡ്: ഉദുമ, കാസർഗോഡ്, മഞ്ചേശ്വരം, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലെ പ്ലസ് ടു വിജയികൾക്കായി അനുമോദനവും കരിയർ മാർഗനിർദ്ദേശവും ഉൾക്കൊള്ളുന്ന ‘സക്സസ്സ് മീറ്റ് 2026’ സംഘടിപ്പിച്ചു. മലബാർ ഇസ്ലാമിക് കോംപ്ലക്സ് (MIC) ആർട്സ് ആൻഡ് സയൻസ് കോളേജ് സെമിനാർ ഹാളിൽ ജൂൺ 16-ന് രാവിലെ 10 മണിക്കായിരുന്നു പരിപാടി.
കേന്ദ്ര, സംസ്ഥാന ബോർഡുകളിൽ പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് പ്ലസ് ടുവിനു ശേഷമുള്ള ഉന്നത പഠന സാധ്യതകൾ, വിവിധ തൊഴിൽ മേഖലകൾ, മത്സര പരീക്ഷകൾ എന്നിവയെക്കുറിച്ച് വിദഗ്ധർ നയിച്ച കരിയർ മാർഗനിർദേശ ക്ലാസും നടന്നു.
സി.എം ഉസ്താദ് സ്കോളർഷിപ്പും സംശയനിവാരണ ശില്പശാലയും
പരിപാടിയുടെ ഭാഗമായി, ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്ന ‘സി.എം ഉസ്താദ് സ്കോളർഷിപ്പ് പരീക്ഷ’യും ഇതിനോടൊപ്പം നടത്തി. വിദ്യാർത്ഥികൾക്ക് ഓരോ കോഴ്സിനെക്കുറിച്ചും വ്യക്തമായ ധാരണ നൽകാനായി വിവിധ ഡിപ്പാർട്ട്മെന്റുകളുടെ നേതൃത്വത്തിൽ പ്രത്യേക കൗണ്ടറുകൾ സജ്ജീകരിച്ച് സംശയനിവാരണ ശില്പശാലകളും ഒരുക്കിയിരുന്നു.
പ്രമുഖരുടെ സാന്നിധ്യം
സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിലെ പ്രൊഫസർ ഡോ. മുഹമ്മദുണ്ണി അലിയാസ് മുസ്തഫ പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ശ്രീമതി ദീപാ എം.കെ സ്വാഗതം ആശംസിച്ച ചടങ്ങിൽ കോളേജ് മാനേജർ ഇ. അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. എം.ഐ.സി ജനറൽ സെക്രട്ടറി സയ്യിദ് ഹുസൈൻ തങ്ങൾ ആമുഖ ഭാഷണം നടത്തി.
ചെമനാട് പഞ്ചായത്ത് പ്രസിഡൻ്റ് ആയിഷ അബൂബക്കർ, വാർഡ് മെമ്പർ ശംസുദ്ധീൻ തെക്കിൽ, എം.ഐ.സി ട്രഷറർ ഖത്തർ അബ്ദുല്ല ഹാജി എന്നിവർ ചടങ്ങിൽ സംസാരിച്ചു.
എം.ഐ.സി സെക്രട്ടറി അഡ്വ. ഹനീഫ് ഹുദവി ദേലംപാടി, അസാപ് (ASAP) മാനേജർ വിപിൻദാസ് എന്നിവർ വിദ്യാർത്ഥികൾക്കായുള്ള കരിയർ മോട്ടിവേഷൻ ക്ലാസുകൾക്ക് നേതൃത്വം നൽകി. അക്കാദമി കോഡിനേറ്റർ ഫിറോസ് ഹുദവി കോളേജ് പരിചയപ്പെടുത്തി സംസാരിച്ച ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ തോമസ് സാർ നന്ദി രേഖപ്പെടുത്തി.












Leave a Reply