കുമ്പളയിൽ ‘ഓപ്പറേഷൻ തൂഫാൻ’: എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

കാസർകോട്: ജില്ലയിൽ ലഹരിമാഫിയക്കെതിരെ പൊലീസ് കർശനമായി നടപ്പിലാക്കിവരുന്ന ‘ഓപ്പറേഷൻ തൂഫാൻ്റെ’ ഭാഗമായി കുമ്പളയിൽ മയക്കുമരുന്നുമായി രണ്ടുപേർ പിടിയിലായി. കുമ്പള, ബംബ്രാണ, കല്ലട്ടി ഹൗസിലെ ഹംസ(40), കുണ്ടങ്കേരടുക്ക വെൽഫയർ സ്‌കൂളിന് സമീപത്തെ അബ്ദുൽ നിസാർ (32) എന്നിവരെയാണ് കുമ്പള എസ്.ഐ കെ.പി ഗണേശനും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി പത്ത് മണിയോടെ കുമ്പള ടൗണിൽ വച്ചാണ് ഹംസയെ പൊലീസ് സംഘം പിടികൂടുന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ഇയാളെ പരിശോധിച്ചപ്പോൾ കൈയിൽ നിന്നും 0.61 ഗ്രാം എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു. തുടർന്ന് സ്റ്റേഷനിലെത്തിച്ച് ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ച് പൊലീസിന് കൃത്യമായ വിവരം ലഭിക്കുന്നത്.
തനിക്ക് ഈ ലഹരിമരുന്ന് കൈമാറിയത് അബ്ദുൽ നിസാർ ആണെന്ന് ഹംസ പൊലീസിന് മൊഴി നൽകി. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തന്ത്രപരമായ നീക്കത്തിനൊടുവിലാണ് അബ്ദുൽ നിസാറിനെ പൊലീസ് വലയിലാക്കുന്നത്. ഇയാളുടെ പക്കൽ നിന്നും 0.9 ഗ്രാം എം.ഡി.എം.എയും പൊലീസ് സംഘം കണ്ടെടുത്തു. പ്രതികൾക്കെതിരെ ലഹരിവിരുദ്ധ നിയമപ്രകാരം കേസെടുത്തതായും മേഖലയിലെ ലഹരി ശൃംഖലകളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *