കാഞ്ഞങ്ങാട് 3.260 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ ഹൊസ്ദുർഗ് പൊലീസ് പിടികൂടി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്തിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ ഹൊസ്‌ദുർഗ്‌ പൊലീസ് അറസ്റ്റ് ചെയ്‌തു. മടിക്കൈ ചാളക്കടവ് സ്വദേശി നിദ മൻസിലിൽ പി. സിറാജിനെ(38)യാണ് ഹൊസ്ദുർഗ് സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.

ഇന്നലെ രാത്രി 11 മണിയോടെ കാഞ്ഞങ്ങാട് സൗത്തിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്ത് വെച്ചായിരുന്നു അറസ്റ്റ്. ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന സിറാജ്, പൊലീസിന്റെ പട്രോളിംഗ് വാഹനം കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. സംശയം തോന്നിയ പൊലീസ് സംഘം ഇയാളെ പിന്തുടർന്ന് പിടികൂടി. തുടർന്ന് നടത്തിയ പരിശോധനയിലാണ് പാൻ്റ്സിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിൽ 3.260 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്.

ഹൊസ്ദുർഗ് എസ്.ഐ ശാർങ് ധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്. പൊലീസ് സംഘത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ സാനിഷ്, ഗ്രേഡ് സിവിൽ പൊലീസ് ഓഫീസർ ബൈജു, ഡ്രൈവർ രാജേഷ് എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *