ചന്ദ്രഗിരി സ്കൂളിന് സമീപത്ത് നിന്നും എംഡിഎംഎയുമായി യുവാവ് പിടിയിൽ

കാസർകോട്: ജില്ലയിൽ മയക്കുമരുന്ന് വിപണനത്തിനെതിരെ പോലീസ് നിരീക്ഷണം ശക്തമാക്കുന്നതിനിടെ മേൽപറമ്പിൽ വീണ്ടും എംഡിഎംഎ വേട്ട. ചെമ്പരിക്ക സ്വദേശിയും നിലവിൽ മേൽപറമ്പിൽ താമസക്കാരനുമായ ടി.എ മുഹമ്മദ് ഹനീഫ (36) യെയാണ് മേൽപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 0.17 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

വെള്ളിയാഴ്‌ച പുലർച്ചെ ഒരുമണിയോടെ ചന്ദ്രഗിരി സ്‌കൂളിന് സമീപമുള്ള ക്വാർട്ടേഴ്‌സിന് അടുത്തുവച്ചാണ് ഇയാൾ പിടിയിലാകുന്നത്. മേൽപറമ്പ് ഭാഗത്ത് മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് എസ്ഐ ടി. അഖിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്നു.

പോലീസിനെ കണ്ട് സംശയാസ്പദമായ സാഹചര്യത്തിൽ പരുങ്ങിനിന്ന ഹനീഫയെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തതോടെയാണ് മയക്കുമരുന്ന് കടത്തിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് നടത്തിയ വിശദമായ ദേഹപരിശോധനയിൽ ഇയാളുടെ പാന്റ്സിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന സിഗരറ്റ് കൂടിനുള്ളിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

കഴിഞ്ഞ ദിവസവും ദേളിയിൽ വച്ച് മേൽപറമ്പ് പോലീസ് എംഡിഎംഎ പിടികൂടിയിരുന്നു. പ്രദേശത്ത് ലഹരി മാഫിയകൾക്കെതിരെ പോലീസ് പരിശോധനകൾ വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് അധികൃതർ അറിയിച്ചു. റെയ്ഡിൽ ജൂനിയർ എസ്ഐ യുഷൈജു, എഎസ്ഐ കെ. ജയപ്രകാശ്, എഎസ്ഐ (ഗ്രേഡ്) സലിൻകുമാർ, സിപിഒ വൈശാഖ് എന്നിവരും പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *