കാസർകോട് വീണ്ടും മയക്കുമരുന്ന് വേട്ട; 30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
കാസർകോട്: സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയക്കെതിരെ ആഭ്യന്തര വകുപ്പ് ആവിഷ്കരിച്ച ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായി കാസർകോട് ജില്ലയിലും പരിശോധന ശക്തമാക്കുന്നു. ബദിയഡുക്കയിൽ നടത്തിയ പരിശോധനയിൽ 30 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുത്തിഗെ കട്ടത്തടുക്ക എ.കെ.ജി നഗർ സ്വദേശിയായ മുഹമ്മദ് ഹനീഫ (36) ആണ് പിടിയിലായത്.
ബദിയഡുക്ക ഇൻസ്പെക്ടർ അനൂപ് കൃഷ്ണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇന്ന് (ഞായറാഴ്ച) പുലർച്ചെ അഞ്ചരയോടെ ബോൾക്കട്ടയിൽ വെച്ച് ബദിയഡുക്ക എസ്.ഐ രൂപേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മുഹമ്മദ് ഹനീഫ സഞ്ചരിച്ചിരുന്ന ബൈക്ക് തടഞ്ഞുനിർത്തി നടത്തിയ വിശദമായ പരിശോധനയിലാണ് മാരക മയക്കുമരുന്നായ എം.ഡി.എം.എ കണ്ടെടുത്തത്. ഇയാൾ സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവി ബി.വി. വിജയഭരത് റെഡ്ഡിയുടെ കർശന നിർദ്ദേശപ്രകാരമാണ് ജില്ലയിൽ ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമാക്കിയിരിക്കുന്നത്. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് പോലീസ് അറിയിച്ചു.
പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിൽ എ.എസ്.ഐ സജീവൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ അനീഷ്, വിജിൽ എന്നിവരും, ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡ് അംഗങ്ങളായ നിജിൻ കുമാർ, രജീഷ്, അനീഷ്, ഭക്ത ഷെൽവൻ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്
കാസർകോട് 30 ഗ്രാം എം.ഡി.എം.എയുമായി പുത്തിഗെ സ്വദേശി പിടിയിൽ; ‘ഓപ്പറേഷൻ തൂഫാൻ’ വേട്ട തുടർന്ന് പോലീസ്













Leave a Reply