അപകടത്തിൽപ്പെട്ട ബൈക്കുമായി രാത്രി മുഴുവൻ കറക്കം; യുവാവ് മഞ്ചേശ്വരം പൊലീസിന്റെ പിടിയിൽ

ഉപ്പള: ദേശീയപാതയിൽ അപകടത്തിൽപ്പെട്ട് റോഡരികിൽ സൂക്ഷിച്ച ബൈക്ക് മോഷ്ടിച്ച് രാത്രി മുഴുവൻ കറങ്ങിനടന്ന ശേഷം ഉപേക്ഷിച്ച പ്രതിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം സന്തടുക്ക സ്വദേശിയായ മുഹമ്മദ് മുന (21) ആണ് പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ എട്ടാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കാസർകോട്ടെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന കർണാടക സ്വദേശിയായ സന്തോഷ് ഓടിച്ചുവന്ന ബൈക്ക് ഉപ്പള ദേശീയപാതയിൽ വെച്ച് കാറിന് പുറകിലിടിച്ച് അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടയിൽ ബൈക്ക് റോഡിന്റെ ഒരു ഭാഗത്തേക്ക് സുരക്ഷിതമായി മാറ്റി വെച്ചിരിക്കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ വഴിത്തിരിവായി
ദിവസങ്ങൾക്ക് ശേഷം ആശുപത്രിയിൽ നിന്നും തിരിച്ചെത്തി ബൈക്ക് എടുക്കാൻ നോക്കിയപ്പോഴാണ് വാഹനം കവർച്ച ചെയ്യപ്പെട്ട വിവരം സന്തോഷ് അറിയുന്നത്. തുടർന്ന് ഇയാൾ മഞ്ചേശ്വരം പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
പിന്തുടരുന്നെന്ന് അറിഞ്ഞപ്പോൾ ബൈക്ക് ഉപേക്ഷിച്ചു
പ്രതിയെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് കവർച്ചയുടെ ചുരുളഴിയുന്നത്. അപകടം നടന്ന അന്നുരാത്രി തന്നെ ഇയാൾ ബൈക്ക് സംഭവസ്ഥലത്തുനിന്നും കടത്തുകയായിരുന്നു. തുടർന്ന് ഈ ബൈക്കിൽ പലയിടങ്ങളിലായി ചുറ്റിക്കറങ്ങി. എന്നാൽ പൊലീസ് തനിക്ക് പിന്നാലെയുണ്ടെന്ന് മനസ്സിലാക്കുകയും, പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ബൈക്ക് ഒരിടത്ത് ഉപേക്ഷിക്കുകയുമായിരുന്നു എന്ന് പ്രതി വെളിപ്പെടുത്തി.
പ്രതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ബൈക്ക് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *