മഞ്ചേശ്വരം: കാസർഗോഡ് ജില്ലയിൽ ലഹരിസംഘങ്ങൾക്കെതിരെ പൊലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ നാർക്കോട്ടിക് ഹണ്ട്’ ശക്തമായി തുടരുന്നു. മഞ്ചേശ്വരത്ത് കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്നുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം റെയിൽവേ ഗേറ്റിന് സമീപം താമസിക്കുന്ന ഫരീസ വീട്ടിൽ ജമാലുദ്ദീൻ ഫൈസൽ (30) ആണ് പിടിയിലായത്. ഇവരിൽ നിന്ന് 1.81 ഗ്രാം എം.ഡി.എം.എ. (MDMA) പൊലീസ് പിടിച്ചെടുത്തു.
മഞ്ചേശ്വരം എസ്.ഐ. ശബരി കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്. കഴിഞ്ഞ ദിവസം രാത്രി മഞ്ചേശ്വരം സർവീസ് സ്റ്റേഷന് സമീപം പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. കാറിന്റെ മുൻവശത്തെ വാതിൽ തുറന്നിട്ട നിലയിൽ കണ്ടതിനെ തുടർന്ന് പൊലീസ് അടുത്തേക്ക് ചെന്നപ്പോൾ പ്രതി കാറിൽ നിന്നിറങ്ങി ഓടുകയായിരുന്നു.
സംശയം തോന്നിയ പൊലീസ് സംഘം ഇയാളെ പിന്തുടർന്ന് പിടികൂടി. തുടർന്ന് കാറിൽ നടത്തിയ വിശദമായ പരിശോധനയിലാണ് ഡാഷ്ബോർഡിനുള്ളിൽ ഒളിപ്പിച്ച നിലയിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എ കണ്ടെത്തിയത്. പ്രതി സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലും മഞ്ചേശ്വരം പൊലീസ് പരിധിയിൽ വ്യാപകമായി ലഹരിവേട്ട നടന്നിരുന്നു. എം.ഡി.എം.എയുമായി രണ്ട് പേരെയും, ലഹരി ഉപയോഗിച്ച നിലയിൽ ഒരാളെയും കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും അറസ്റ്റുണ്ടായിരിക്കുന്നത്. അതിർത്തി മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘങ്ങളെ പൂർണ്ണമായും വലയിലാക്കാൻ രാത്രികാല പരിശോധനകൾ ഉൾപ്പെടെ മഞ്ചേശ്വരം പൊലീസ് ശക്തമാക്കിയിട്ടുണ്ട്.













Leave a Reply