കാസർകോട്: മംഗൽപാടി മേഖലയിൽ ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടം. അമ്പാറിൽ റോഡിലേക്ക് വൻമരം പൊട്ടിവീണു. മരം വീണതിനെ തുടർന്ന് പ്രദേശത്തെ നിരവധി ഇലക്ട്രിക് പോസ്റ്റുകൾ പൂർണ്ണമായും തകർന്നു. ഇതോടെ മംഗൽപാടി മേഖലയിൽ വൈദ്യുതി ബന്ധവും റോഡ് ഗതാഗതവും പൂർണ്ണമായി തടസ്സപ്പെട്ടു.
വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പെട്ടെന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് റോഡിലേക്ക് മരം കടപുഴകി വീണത്. മരം വീഴുന്ന സമയത്ത് റോഡിൽ വാഹനങ്ങളോ കാൽനടയാത്രക്കാരോ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
അപകട വിവരമറിഞ്ഞ് ഉടൻ തന്നെ ഫയർഫോഴ്സും ഉപ്പള പൊലീസും ജനപ്രതിനിധികളും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട കഠിനശ്രമത്തിനൊടുവിൽ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് റോഡിൽ വീണ മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.
അതേസമയം, തകർന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിച്ച് പ്രദേശത്ത് വൈദ്യുതി ബന്ധം എത്രയും വേഗം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ കെ.എസ്.ഇ.ബി ജീവനക്കാരുടെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.














Leave a Reply