കോഴിക്കോട്: കോഴിക്കോട് മാങ്കാവിൽ ഗതാഗതക്കുരുക്കിനിടെ സ്വകാര്യ ബസ് ഗുഡ്‌സ് വാനിൽ മനഃപൂർവം ഇടിപ്പിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കടുത്ത നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ബസ് ഓടിച്ചിരുന്ന മഞ്ചേരി സ്വദേശി ഷിനിത്തിന്റെ ലൈസൻസ് ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. ലൈസൻസ് റദ്ദാക്കിയതിന് പുറമെ അഞ്ചുദിവസത്തെ നിർബന്ധിത പരിശീലന ക്ലാസിൽ പങ്കെടുക്കാനും എൻഫോഴ്‌സ്‌മെന്റ് ആർടിഒ ഇയാൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു മാങ്കാവിൽ വച്ച് കെഎസ്ആർടിസി ബസിനും മറ്റ് യാത്രക്കാർക്കും നടുവിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് സ്വകാര്യ ബസ് ഗുഡ്‌സ് വാനിൽ ഇടിപ്പിച്ചത്. റോഡിലെ ഗതാഗതക്കുരുക്കിനിടെ പ്രകോപിതനായ ബസ് ഡ്രൈവർ മുന്നിലുണ്ടായിരുന്ന ഗുഡ്‌സ് വാനിലേക്ക് മനഃപൂർവം പലതവണ ബസ് ഇടിച്ചു കയറ്റുകയായിരുന്നു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചതോടെയാണ് മോട്ടോർ വാഹനവകുപ്പ് അന്വേഷണം നടത്തി നടപടിയ സ്വീകരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ ഷിനിത്തിനെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ആർടിഒ വിശദീകരണം തേടിയിരുന്നു. തെറ്റായ ദിശയിലാണ് ഗുഡ്‌സ് വാൻ വന്നതെന്നും വാൻ ഡ്രൈവർ തന്നെ പ്രകോപിപ്പിച്ചതുകൊണ്ടുമാണ് വാഹനം മുന്നോട്ട് എടുത്തതെന്നുമാണ് ഷിനിത്ത് നൽകിയ വിശദീകരണം.
നിലവിൽ ഗുഡ്‌സ് വാഹനത്തിന്റെ ഡ്രൈവറും ബസ് ഡ്രൈവറും തമ്മിൽ ചർച്ച നടത്തി അപകടക്കേസ് ഒത്തുതീർപ്പാക്കിയിട്ടുണ്ട്. എന്നാൽ ഒത്തുതീർപ്പിലെത്തിയെങ്കിലും പൊതുറോഡിൽ മറ്റ് യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ പെരുമാറിയതിനാണ് മോട്ടോർ വാഹന വകുപ്പ് ഡ്രൈവർക്കെതിരെ കർശന നടപടി സ്വീകരിച്ചത്.















Leave a Reply