കാസർകോട്: ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനായ കാസർകോട്ട് യാത്രക്കാരുടെ ദുരിതം തുടരുന്നു. സ്റ്റേഷനിലെ ലിഫ്റ്റ് വീണ്ടും പ്രവർത്തനരഹിതമായതോടെ വയോധികരും ഭിന്നശേഷിക്കാരുമുൾപ്പെടെയുള്ള യാത്രക്കാർ പെരുവഴിയിലായി. ലിഫ്റ്റ് തകരാറിലായതിനെ തുടർന്ന് മറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് ട്രെയിൻ കയറാനെത്തിയ ഭിന്നശേഷിക്കാരെയും രോഗികളെയും കസേരയിലിരുത്തി ചുമന്നാണ് ആളുകൾ പ്ലാറ്റ്ഫോമുകളിലെത്തിച്ചത്.
സ്റ്റേഷനിൽ ലിഫ്റ്റ് പണിമുടക്കുന്നത് നിത്യസംഭവമായി മാറിയിട്ടും റെയിൽവേ അധികൃതർ ശാശ്വത പരിഹാരം കാണുന്നില്ലെന്ന് യാത്രക്കാർ വ്യാപകമായി പരാതിപ്പെടുന്നു.
അടച്ചുപൂട്ടിയ പഴയ നടപ്പാലവും ഇരുട്ടടിയായി
പഴയ മേൽനടപ്പാലത്തിലെ ലിഫ്റ്റ് പ്രവർത്തനക്ഷമമാണെങ്കിലും പാലക്കാട് ഡിവിഷൻ മാനേജറുടെ നിർദേശപ്രകാരം പഴയ നടപ്പാലം അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ഇതോടെ യാത്രക്കാർക്ക് തെക്കുഭാഗത്തുള്ള പുതിയ മേൽനടപ്പാലത്തെ മാത്രം ആശ്രയിക്കേണ്ട അവസ്ഥയാണ്. എന്നാൽ, കുത്തനെയുള്ള പുതിയ നടപ്പാലം കയറിയിറങ്ങുക എന്നത് പ്രായമായവർക്കും രോഗികൾക്കും കടുത്ത പ്രയാസമാണ് സൃഷ്ടിക്കുന്നത്.
ലിഫ്റ്റ് കൂടി നിലച്ചതോടെ ഭിന്നശേഷിയുള്ളവരെ പാളം മുറിച്ചുകടത്തി പ്ലാറ്റ്ഫോമുകളിൽ എത്തിക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ലാത്ത സ്ഥിതിയാണ്. ഇതിനായി ഒന്നിലധികം ആളുകളുടെ സഹായവും ആവശ്യമായി വരുന്നു. ദിവസേന മൂവായിരത്തിലധികം യാത്രക്കാർ ആശ്രയിക്കുന്ന ഒരു പ്രധാന സ്റ്റേഷനിലാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്ന ഈ അനാസ്ഥ തുടരുന്നത്.












Leave a Reply