കാസർകോട്: പാർസൽ ഭക്ഷണത്തിൽ എലിവിഷം! യുവാവിനെയും കുടുംബത്തെയും അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി

കാസർകോട്: പാർസൽ ഭക്ഷണത്തിൽ എലിവിഷം കലർത്തി യുവാവിനെയും കുടുംബത്തെയും അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ കാസർകോട് അണങ്കൂർ ടിവി സ്‌റ്റേഷൻ റോഡിലെ കലന്തർ ഷായുടെ പരാതിയിൽ അബ്ദുൽ ഖാദർ എന്നയാൾക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു. മെയ് 11-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കലന്തർഷായുടെ സഹോദരനായ കബീറിനാണ് പ്രതി വിഷം കലർത്തിയ ഭക്ഷണം നൽകിയതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. സംഭവദിവസം തന്നെ ഇവർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ഭക്ഷണം കോഴിക്കോട്ടെ ആർ.സി.ഇ.എൽ ലാബിലേക്ക് രാസപരിശോധനയ്ക്കായി അയക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം പുറത്തുവന്ന പരിശോധനാ റിപ്പോർട്ടിലാണ് ഭക്ഷണത്തിൽ എലിവിഷത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയത്. എന്നാൽ, ഭക്ഷണത്തിൽ എവിടെവെച്ചാണ് വിഷം കലർത്തിയത് എന്നതടക്കമുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണത്തിന് ശേഷമേ വ്യക്തത വരികയുള്ളൂവെന്ന് കാസർകോട് ടൗൺ പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *