കാസർകോട്: കാസർകോട് ടൗണിലെ ലോഡ്ജ് മുറിയിൽ 19 വയസ്സുകാരിയെ വസ്ത്രം ഉപയോഗിച്ച് കെട്ടിയിട്ട് പീഡിപ്പിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. കാസർകോട് സ്വദേശിയായ വിഷ്ണുപ്രസാദിനെയാണ് (24) കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച കാസർകോട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജ് മുറിയിലായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.
ക്രൂരമായ ചതിയിലൂടെയാണ് പ്രതി പെൺകുട്ടിയെ ലോഡ്ജ് മുറിയിലെത്തിച്ചത്. 19-കാരിയുടെ സഹോദരനെ ഫോണിൽ വിളിച്ച പ്രതി, പെൺകുട്ടിയുടെ ഒരു സുഹൃത്ത് കടുത്ത മാനസിക സമ്മർദ്ദത്തോടെ ലോഡ്ജ് മുറിയിലുണ്ടെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ് സുഹൃത്തിനെ സഹായിക്കാനായി പെൺകുട്ടി ഓട്ടോറിക്ഷയിൽ ലോഡ്ജിലേക്ക് എത്തി.
എന്നാൽ മുറിയിലെത്തിയപ്പോഴാണ് പ്രതി പറഞ്ഞ സുഹൃത്ത് അവിടെയില്ലെന്ന കാര്യം പെൺകുട്ടി അറിയുന്നത്. ചതിക്കപ്പെട്ടതാണെന്ന് മനസ്സിലാക്കി തിരിച്ചുപോകാൻ ശ്രമിച്ച പെൺകുട്ടിയെ വിഷ്ണുപ്രസാദ് ക്രൂരമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി ശക്തമായി എതിർത്തതോടെ വസ്ത്രങ്ങൾ ഉപയോഗിച്ച് കൈകാലുകൾ കെട്ടിയിട്ടായിരുന്നു പീഡനം.
പിന്നീട് ലോഡ്ജ് മുറിയിൽ നിന്നും എങ്ങനെയോ രക്ഷപ്പെട്ട പെൺകുട്ടി കാസർകോട് സ്റ്റേഷനിലെത്തി പൊലീസിൽ നേരിട്ട് പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ ഉടനടി കേസെടുത്ത പൊലീസ് സംഘം നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ വലയിലാക്കിയത്. അറസ്റ്റിലായ വിഷ്ണുപ്രസാദിനെ വൈദ്യപരിശോധനയ്ക്ക് ശേഷം ഇന്നുച്ചയോടെ കോടതിയിൽ ഹാജരാക്കും.












Leave a Reply